സ്വന്തം ലേഖകൻ: വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും ഉള്ള ഇളവുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഇളവുകൾ 50 ശതമാനത്തിൽ നിന്ന് 25 ശതമാനം ആയാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു.
നിരക്കുകൾ വെട്ടികുറച്ചാലും എയർ ഇന്ത്യയിൽ മറ്റ് സ്വകാര്യ എയർലൈനുകളെ അപേക്ഷിച്ച് ഇരട്ടി ഇളവ് ലഭിക്കും. നിലവിൽ, സായുധ സേനാംഗങ്ങൾ, ഗാലൻട്രി അവാർഡ് ലഭിച്ചവർ, അർജുന അവാർഡ് ജേതാക്കൾ, രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയവർ, അന്ധരായ ആളുകൾ, കാൻസർ രോഗികൾ, ലോക്കോമോട്ടർ വൈകല്യം ഉള്ളവർ എന്നിവർക്കാണ് എയർ ഇന്ത്യ ഇളവുകൾ നൽകുന്നത്.
സ്വന്തം ചെലവിൽ യാത്ര ചെയ്യുന്ന ഇന്ത്യൻ സായുധ സേനയിലെ സജീവ സൈനിക ഉദ്യോഗസ്ഥർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ഇളവിന് അർഹത ഉണ്ടെന്ന് എയർലൈൻ പറയുന്നു. ദമ്പതികൾ, ആശ്രിതരായ 2 മുതൽ 26 വയസുവരെയുള്ള കുട്ടികൾ, ആശ്രിതരായ മാതാപിതാക്കൾ എന്നിവരടങ്ങുന്നതാണ് കുടുംബമായി പരിഗണിക്കുക. വിവാഹിതരായ കുട്ടികളെ ഇളവിനായി ഉൾപ്പെടുത്തിയിട്ടില്ല.
ക്യാൻസർ രോഗികൾക്ക് യാത്രയ്ക്ക്, അടിസ്ഥാന നിരക്കിൽ 50% കിഴിവ് ലഭിക്കും. ഇന്ത്യയിൽ താമസിക്കുന്നവരും, ക്യാൻസർ ബാധിച്ചവരും, മെഡിക്കൽ ചെക്കപ്പിനും ചികിത്സയ്ക്കുമായി യാത്ര ചെയ്യുന്നവർക്കും മാത്രമേ ഈ ഇളവ് ബാധകം ആകൂ. താമസസ്ഥലത്തിനും, ക്യാൻസർ ആശുപത്രിയും സ്ഥിതി ചെയ്യുന്ന സ്ഥലത്തിനുമിടയിലുള്ല യാത്രകൾക്കാണ് ഈ ഇളവ്. ഇന്ത്യയ്ക്ക് അകത്തും ഇന്ത്യ- നേപ്പാൾ മേഖലകളിലും യാത്ര അനുവദനീയം ആണ്.
എയർലൈനിന്റെ ടിക്കറ്റിംഗ് ഓഫീസുകളിൽ നിന്നോ കോൾ സെന്ററിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ടിക്കെറ്റുകൾ ബുക്ക് ചെയ്യുമ്പോൾ അടിസ്ഥാന നിരക്കിൽ മാത്രം ആണ് ഇളവ് നൽകുന്നത്. ടിക്കറ്റ് ബുക്കിംഗിന്റെ ആദ്യ ഘട്ടത്തിൽ തന്നെ എയർലൈനിന്റെ വെബ്സൈറ്റിൽ ഇളവുകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്.
കൂടാതെ വിമാനം പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും ടിക്കെറ്റുകൾ ബുക്ക് ചെയ്തിരിക്കണം. ടിക്കറ്റ് വാങ്ങുമ്പോൾ ഈ ഇളവുള്ള നിരക്കുകൾ പ്രയോജനപ്പെടുത്താം എന്ന് എയർലൈൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അതേസമയം സീറ്റുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും ഇളവുകൾ ലഭിക്കുന്നത്. മാത്രമല്ല, മുതിർന്ന വ്യക്തിയായാലും വിദ്യാർത്ഥികളാണെങ്കിലും കിഴിവ് ലഭിക്കുന്നതിന് അവരുടെ യഥാർത്ഥ രേഖകൾ കാണിക്കണം.
ടാറ്റ ഗ്രൂപ്പിന് കീഴിലേക്ക് എയർ ഇന്ത്യ, വിസ്താര, എയർ ഏഷ്യ എന്നീ എയർലൈൻസുകളെ ലയിപ്പിക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് ഇളവുകൾ വെട്ടിക്കുറച്ചത്. മൊത്തത്തിലുള്ള വിപണി സാഹചര്യം കണക്കിൽ എടുത്താണ് ഇളവുകൾ വെട്ടിക്കുറച്ചത് എന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല