സ്വന്തം ലേഖകൻ: കൊച്ചിയെ എയർ ഇന്ത്യയുടെ ഐടി കേന്ദ്രമാക്കാനൊരുങ്ങി ടാറ്റ. എയർ ഇന്ത്യ ടാറ്റയിലേക്കു തിരികെ എത്തി ഒരു വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണു പ്രഖ്യാപനം. ഐടി കേന്ദ്രത്തിനു പുറമേ കൊച്ചിയിൽ വൻ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എയർ ഇന്ത്യയെ ആഗോളതലത്തിലെ ഏറ്റവും മികച്ച എയർലൈനാക്കി മാറ്റുകയാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇതിനായി വിഹാൻ എഐയുടെ(നിർമിത ബുദ്ധി) കീഴിൽ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.
മൂന്നു ഘട്ടങ്ങളിലൂടെ 22 വർക് സ്ട്രീമുകളിൽ നൂറിലേറെ പ്രവർത്തനങ്ങളാണ് ഇതിനായി പുരോഗമിക്കുന്നതെന്നാണ് ഔദ്യോഗിക വെളിപ്പെടുത്തൽ. 400 കോടി ചെലവിലുള്ള ഇന്റീരിയർ നവീകരണമാണ് ഇതിലൊരെണ്ണം. പുതുതലമുറ സീറ്റുകളും കാബിനുകളിൽ മികച്ച വിനോദ കാര്യങ്ങളും ഉൾപ്പെടുത്തും. വിസ്താരയുമായുള്ള ലയനവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത സംരംഭത്തിൽ സിംഗപ്പൂർ എയർലൈൻസിനും ഓഹരിയുണ്ടാകും. എയർ ഏഷ്യ ഇന്ത്യയുടെ ഏറ്റെടുക്കൽ, എയർ ഇന്ത്യ എക്സ്പ്രസുമായുള്ള ലയനം എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവി വളർച്ച ലക്ഷ്യമിട്ടുള്ള പുതിയ വിമാനങ്ങളുടെ ഓർഡർ കമ്പനി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന അക്കാദമിയും എയർ ഇന്ത്യയുടേതായി വരും.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തിൽ എയർ ഇന്ത്യയ്ക്കു കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു എന്നതാണു ടാറ്റയുടെ ഏറ്റെടുക്കലിന്റെ പ്രധാന നേട്ടം. ആകെ പ്രവർത്തനക്ഷമമായ വിമാനങ്ങളുടെ എണ്ണത്തിൽ 27% വർധന കൊണ്ടു വന്ന് 100ലേക്ക് ഉയർത്തി. ശരാശരി പ്രതിദിന ഫ്ലൈറ്റുകളുടെ എണ്ണത്തിൽ 30 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിവാര രാജ്യാന്തര വിമാനങ്ങളിൽ 63% വർധനവുണ്ടായിട്ടുണ്ട്. 16 പുതിയ രാജ്യാന്തര റൂട്ടുകൾ ആരംഭിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട് മറ്റ് 9 റൂട്ടുകളിൽ സേവനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചു.
കമ്പനി ഏറ്റെടുക്കലിനുശേഷം വരുത്തിയ മാറ്റങ്ങൾക്കു പിന്നാലെ യാത്രക്കാരുടെ ശരാശരി പ്രതിദിന എണ്ണത്തിൽ 72% വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ശരാശരി പ്രതിദിന വരുമാനം ഇരട്ടിയായെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആഭ്യന്തര റൂട്ടിൽ ശരാശരി പ്രതിദിന സർവീസുകളുടെ എണ്ണം 81 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. കോൾ സെന്റർ ജീവനക്കാരുടെ എണ്ണം ഇരട്ടിയിലധികം വർധിപ്പിച്ചതോടെ ഉപഭോക്താക്കൾക്കു വിവരങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്ന സമയത്തിൽ 90 ശതമാനത്തിന്റെ കുറവു വരുത്താൻ സാധിച്ചു.
എയർ ഇന്ത്യ വിമാനം സമയം പാലിക്കുന്നില്ലെന്ന ചീത്തപ്പേര് കാര്യമായി കുറച്ചു കൊണ്ടുവരാൻ ടാറ്റയുടെ എടുക്കലിനു ശേഷം സാധിച്ചിട്ടുണ്ട്. 2021 ഡിസംബറിലെ സാഹചര്യം പരിഗണിക്കുമ്പോൾ സമയ കൃത്യത 70 ശതമാനത്തില്‍നിന്നു ശരാശരി 90 ശതമാനമാക്കി മെച്ചപ്പെടുത്താൻ കമ്പനിക്കു സാധിച്ചിട്ടുണ്ട്. ഒരു ദശലക്ഷം പഴയ റീഫണ്ടുകളുടെ ബാക്ക് ലോഗ് പൂജ്യമായി കുറച്ചു എന്നതും എടുത്തു പറയേണ്ട നേട്ടമാണ്. പുതിയ കേസുകൾ ഇപ്പോൾ കാലതാമസമില്ലാതെ പരിഹരിക്കാനാകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല