1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2021

സ്വന്തം ലേഖകൻ: ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ വിൽക്കുന്നതായുള്ള വാർത്തകൾ തള്ളി സർക്കാർ. എയർ ഇന്ത്യ വാങ്ങുന്നതിനായി ക്ഷണിച്ച ടെണ്ടറിൽ കൂടുതൽ തുക വാഗ്ദാനം ചെയ്ത ടാറ്റക്ക്, കമ്പനി നൽകാൻ സര്‍ക്കാര്‍ സന്നദ്ധതമായെന്നായിരുന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നത്. എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ സര്‍ക്കാരെടുക്കുന്ന തീരുമാനം മാധ്യമങ്ങളെ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വൻ കടബാധ്യതയിൽ നീങ്ങികൊണ്ടിരുന്ന എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് സർക്കാർ തീരുമാനിച്ചത്. എയർ ഇന്ത്യ വാങ്ങാൻ സന്നദ്ധത അറിയിച്ചു വന്ന സ്‌പൈസ് ജെറ്റ്, ടാറ്റ ഗ്രൂപ്പുകളിൽ, സർക്കാർ നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ 3000 കോടി രൂപ അധികം തുകക്ക് ടാറ്റ ടെണ്ടർ സ്വന്തമാക്കിയെന്നായിരുന്നു റിപ്പോർട്ടുകള്‍.

ഇതോടെ, ആറു പതിറ്റാണ്ടുകൾക്കു ശേഷം എയർ ഇന്ത്യ, മാതൃ സ്ഥാപനമായ ടാറ്റ ഗ്രൂപ്പിലേക്കു തന്നെ തിരിച്ചെത്തുകയാണെന്നും വാർത്തകളുണ്ടായിരുന്നു. 1932ൽ ടാറ്റ എയർലൈൻസായി ആരംഭിച്ച കമ്പനി 1946ലാണ് എയർ ഇന്ത്യയായി പുനർനാമകരണം ചെയ്യപ്പെടുന്നത്. 1953ൽ വിമാനക്കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 1977 വരെ ജെ.ആർ.ഡി ടാറ്റ തന്നെയായിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ.

കടക്കെണിയിലായ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2018 ൽ ആദ്യമായി എയർ ഇന്ത്യ വിൽക്കാൻ സർക്കാർ തീരുമാനിച്ചപ്പോഴും ടാറ്റ താൽപര്യം പ്രകടിപ്പിച്ചിരിന്നു. എന്നാൽ 76 ശതമാനം ഓഹരികൾ വിൽക്കാൻ ആണ് അന്ന് കേന്ദ്രം തീരുമാനിച്ചിരുന്നത്.

ഭീമമായ കടക്കെണിയിൽ പെട്ട എയർ ഇന്ത്യ, സർക്കാരിന് പ്രതിദിനം 20 കോടി രൂപ നഷ്ടം വരുത്തുന്നതായാണ് കണക്ക്. എഴുപതിനായിരം കോടി രൂപയോളം നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.