സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി എയര്‍ ഇന്ത്യ. വ്യോമയാന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഫ്‌ളൈറ്റ് ഗ്‌ളോബല്‍ കമ്പനിക്ക് കീഴിലുള്ള ഫ്‌ളൈറ്റ്സ്റ്റാറ്റാണ് പട്ടിക തയ്യാറാക്കിയത്. കൃത്യസമയം പാലിച്ചുള്ള സര്‍വീസ്, യാത്രികര്‍ക്ക് നല്‍കുന്ന സേവനം എന്നിവ മാനദണ്ഡമാക്കിയാണ് പട്ടിക.
ഇസ്രയേല്‍ എയര്‍ലൈന്‍സ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഐസ്ലന്‍ഡ് എയര്‍ രണ്ടാം സ്ഥാനം നേടി. ഫിലിപ്പീന്‍സ് എയര്‍ലൈന്‍സ്, ഏഷ്യാന എയര്‍ലൈന്‍സ്, എയര്‍ ചൈന, കൊറിയന്‍ എയര്‍, ചൈനാ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, ഹോങ്കോംഗ് എയര്‍ലൈന്‍സ് എന്നിവയും പത്തംഗ പട്ടികയില്‍ ഇടംപിടിച്ചു.
കെഎല്‍എം ഡച്ച് എയര്‍ലൈന്‍സിനാണ് ഏറ്റവും മികച്ച വിമാനക്കമ്പനികളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം. ഖത്തര്‍ എയര്‍വെയ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ജപ്പാന്‍ എയര്‍ലൈന്‍സ് എന്നിവയും മികച്ച കമ്പനികളുടെ പട്ടികയിലുണ്ട്.
സൗകര്യ കുറവുകള്‍ക്കും സേവനത്തിലെ അപര്യാപ്തതകള്‍ക്കും പുറമെ സര്‍വീസുകള്‍ വൈകുന്നതും എയര്‍ ഇന്ത്യയെ പട്ടികയിലെത്തിക്കാന്‍ കാരണമായിട്ടുണ്ട്. 38.71 ശതമാനം എയര്‍ ഇന്ത്യ സര്‍വീസുകള്‍ വൈകിയോടുന്നതായാണ് കണക്കുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല