
സ്വന്തം ലേഖകൻ: നികുതി വര്‍ദ്ധനവുകള്‍ നടപ്പാക്കി പരമാവധി വരുമാനം നേടാനുമുള്ള അവസരമായാണ് ഈ മാസം 30 നു അവതരിപ്പിക്കുന്ന ബജറ്റിനെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും, പൊതുമേഖലാ ജീവനക്കാര്‍ക്ക് അനുവദിച്ച വമ്പന്‍ ശമ്പളവര്‍ദ്ധനവുകളും നടപ്പാക്കാന്‍ വന്‍തുക കണ്ടെത്തുകയെന്ന ദൗത്യമാണ് ചാന്‍സലര്‍ നിര്‍വ്വഹിക്കുന്നത്.
എന്നാല്‍ ഈ നികുതി വര്‍ദ്ധനവുകള്‍ മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് അധിക തിരിച്ചടിയാണ് സമ്മാനിക്കുക. മറ്റ് പൊതു നികുതി വര്‍ദ്ധനവുകള്‍ക്ക് പുറമെ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് കുടിയേറ്റക്കാര്‍ക്ക് പ്രത്യേകിച്ചും തിരിച്ചടിയായി മാറുക. പണപ്പെരുപ്പത്തെ മറികടന്നുള്ള വര്‍ദ്ധനവുകള്‍ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ അടിച്ചേല്‍പ്പിക്കുന്നതോടെ വിമാന നിരക്കുകള്‍ കുതിച്ചുയരും.
‘ഹോളിഡേ ടാക്സ്’ എന്ന് അറിയപ്പെടുന്ന എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ദ്ധന ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിക്കാനാണ് ലേബര്‍ പദ്ധതി. ഇത് സംബന്ധിച്ച നീക്കങ്ങളുടെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇക്കണോമിക് പെര്‍ഫോമന്‍സ് ഡാറ്റ ട്രഷറി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ എപിഡി വര്‍ദ്ധിപ്പിക്കുന്നതിന്റെ ആഘാതം പരിശോധിക്കാനും, ഇത്തരം വര്‍ദ്ധനവ് മേഖലയ്ക്ക് താങ്ങാന്‍ കഴിയുമോയെന്നും അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പണപ്പെരുപ്പത്തിന് മുകളില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ നാട്ടിലേക്കുള്ള യാത്രകള്‍ക്ക് ഉള്‍പ്പെടെ ടിക്കറ്റ് ചാര്‍ജ്ജ് ഉയരും. യാത്രക്കാരില്‍ നിന്നും ആയിരക്കണക്കിന് മില്ല്യണ്‍ പൗണ്ട് പിരിച്ചെടുക്കുന്നത് ഖജനാവിന് ഗുണമാകും. ഇത് സംഭവിച്ചാല്‍ നൂറുകണക്കിന് യുകെ വിമാനങ്ങള്‍ റദ്ദാക്കുമെന്ന് റയാന്‍എയര്‍ മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല