സ്വന്തം ലേഖകൻ: പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റർ എയർ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കറിന് വെങ്കലം. 221 പോയിന്റോടെയാണ് മെഡല്‍ നേട്ടം. തെക്കൻ കൊറിയയുടെ ഓഹ് യെ ജിൻ (243.2 പോയിന്റ്), കിം യെ ജി (241.3 പോയിന്റ്) എന്നിവർക്കാണ് യഥാക്രമം സ്വർണവും വെള്ളിയും. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം കൂടിയാണ് മനു.
യോഗ്യതാ റൗണ്ടില്‍ 580 പോയിന്റോടെയായിരുന്നു ഫൈനലിലേക്ക് മനു കുതിച്ചത്. മൂന്നാം സ്ഥാനത്തായിരുന്നു യോഗ്യതാ റൗണ്ടിലും. സ്വർണം നേടിയ ഓഹ് യെ ജിന്നായിരുന്നു യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തെത്തിയ ഹംഗറിയുടെ വെറോണിക്ക മേജർ ഫൈനലില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ടോക്ക്യൊ ഒളിമ്പിക്‌സില്‍ പിസ്റ്റളിന് തകരാർ സംഭവിച്ചതിനെ തുടർന്ന് പങ്കെടുക്കാനാകാതെ പോയതിന് ശേഷമാണ് മനുവിന്റെ മെഡല്‍ നേട്ടം. ഒൻപത് തവണ ലോകകപ്പുകളില്‍ മെഡല്‍ നേടിയിട്ടുള്ള മനു ഷൂട്ടിങ്ങില്‍ ഒളിമ്പിക്‌സില്‍ മെഡല്‍ സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ്.
“ടോക്ക്യൊ ഒളിമ്പിക്‌സ് എന്റെ ജീവിതത്തിലെ ഏറ്റം മോശം ഒർമകളിലൊന്നാണ്. ടോക്ക്യോയില്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. എന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നില്ല. വിജയിക്കുന്നതിനായി ഞാൻ എന്നില്‍ തന്നെ സമ്മർദം കൊടുക്കുകയായിരുന്നു. അത് മാത്രമായിരുന്നു എന്റെ ലക്ഷ്യം,” മനു ഭാക്കർ ഫൈനലിന് മുന്നോടിയായി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല