സ്വന്തം ലേഖകൻ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ പക്ഷിയിടിച്ച് വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചതിന്റെ ഞെട്ടലിലാണ് ലോകം. കോഴിക്കോട് വിമാനത്താവളത്തിലടക്കം ലോകത്തെല്ലായിടത്തും വിമാനസർവീസുകൾക്ക് പക്ഷികളുടെ ഭീഷണിയുണ്ട്. കരിപ്പൂരിൽ പക്ഷികളെ തുരത്തുന്നത് 25 അംഗ സംഘമാണ്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പ്രവർത്തിക്കുന്നു.
വിമാനത്താവള അതോറിറ്റി കരാർ അടിസ്ഥാനത്തിലാണ് ഇവരുടെ സേവനം ഉറപ്പാക്കുന്നത്. പടക്കംപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും റിഫ്ളക്ടിങ് കണ്ണാടികൾ ഉപയോഗിച്ചുമാണ് പക്ഷികളെ തുരത്തുന്നത്. വിമാനങ്ങൾ പുറപ്പെടുന്നതിനും ഇറങ്ങുന്നതിനു തൊട്ടുമുൻപ് റൺവേയും പരിസരവും നിരീക്ഷിച്ച് പക്ഷികളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കും. രാവിലെയും വൈകീട്ടുമാണ് ഇവ കൂടുതലായി വിമാനത്താവളത്തിന് മുകളിലൂടെ പറക്കുന്നത്.
വിമാനങ്ങളുടെ ലാൻഡിങ്ങിലും ടേക്കോഫിലുമാണ് പക്ഷികൾ ഭീഷണിയാകുന്നത്. പക്ഷികൾ സമീപത്തെത്തിയാൽ വിമാനത്തിന്റെ ശക്തിയേറിയ എൻജിൻ അവയെ ഉള്ളിലേക്ക് വലിച്ചെടുക്കും. ഇതോടെ എൻജിൻ തകരാറിലാകും. 2012-ൽ കരിപ്പൂരിൽ എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിൽ വെരുക് കുടുങ്ങിയിരുന്നു. 168 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് 15 മിനിറ്റിനുശേഷം തിരിച്ചിറക്കി.
കരിപ്പൂർ വിമാനത്താവളത്തിന് ഭീഷണിയുണ്ടാക്കുന്ന പക്ഷികളുടെയും ജന്തുജാലങ്ങളെയുംകുറിച്ച് സാലിം അലി സെന്റർ ഫോർ ഓർണിതോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി പഠനം നടത്തിയിരുന്നു. 2023 ജൂണിൽ പഠനറിപ്പോർട്ട് വിമാനത്താവള അതോറിറ്റിക്ക് കൈമാറി.
പക്ഷിശല്യമടക്കമുള്ള ഭീഷണികൾ വിലയിരുത്താനും നടപടികളെടുക്കാനും വിമാനത്താവളത്തിൽ എൻവയോൺമെന്റ് മാനേജ്‌മെന്റ് കമ്മിറ്റിയുണ്ട്. നിശ്ചിത ഇടവേളകളിൽ സമിതി യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്താറുണ്ട്. വിമാനത്താവളപരിസരത്തെ അനധികൃത മത്സ്യ-മാംസ കച്ചവടം, അറവുശാലകൾ, മാലിന്യപ്രശ്‌നം തുടങ്ങിയവയെല്ലാം സമിതി വിലയിരുത്തി നടപടിയെടുക്കാൻ ശുപാർശ ചെയ്യാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല