സ്വന്തം ലേഖകൻ: അന്തരീക്ഷമലിനീകരണവും മൂടല്‍മഞ്ഞും കാരണം പൊറുതിമുട്ടി രാജ്യതലസ്ഥാനം. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച രാവിലെ 5.30-ന് ഒന്‍പത് ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡല്‍ഹിയിലെ അന്തരീക്ഷ താപനില. ഇതുമൂലമുള്ള കനത്ത മഞ്ഞും, പോരാത്തതിന് ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണവും മൂലമുള്ള പുകയും കാരണം നഗരങ്ങളില്‍ പലയിടങ്ങളിലും തൊട്ടടുത്തുള്ള കാഴ്ചകള്‍ പോലും കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസിയബാദ്, നോയിഡ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. അന്തരീക്ഷം തെളിഞ്ഞുകാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറോളം വിമാനങ്ങള്‍ വൈകി. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം വെള്ളിയാഴ്ച രാവിലെ തലസ്ഥാന നഗരി അത്യന്തം അപകടകരമായ നിലയിലാണ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വരുംദിവസങ്ങളില്‍ ഡല്‍ഹിയിലെ കാലാവസ്ഥ ആറുഡിഗ്രി സെല്‍ഷ്യസിലേക്കുവരെ എത്താന്‍ സാധ്യതയുണ്ടെന്നും ഉയര്‍ന്ന കാലാവസ്ഥ 20 ഡിഗ്രിവരെ മാത്രം ആയിരിക്കുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ജനുവരി രണ്ട്, മൂന്ന് ദിവസങ്ങളില്‍ ഡല്‍ഹി നഗരത്തിലും നോയിഡ, ഗസിയബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി വളരെ രൂക്ഷമായിരുന്നു. നഗരങ്ങളില്‍ ഒമ്പത് മണിക്കൂര്‍ വരെ മൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല