സ്വന്തം ലേഖകൻ: കനത്ത പുകമഞ്ഞ് മൂടിയതോടെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം അതിഗുരുതരാവസ്ഥയിലേക്ക് കടന്നു . ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാവിലെ ഏഴ് മണി മുതല്‍ ആറ് വിമാനങ്ങള്‍ ജയ്പുരിലേക്കും ഒന്ന് ലഖ്നൗവിലേക്കും ഉള്‍പ്പെടെ 10 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. രാവിലെ 8.30-ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൂരക്കാഴ്ചയും മോശമായതോടെയാണ് തീരുമാനം. വായു നിലവാരം മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 5.30-ഓടെ തന്നെ കനത്ത മഞ്ഞ് രൂപപ്പെട്ടു തുടങ്ങിയിരുന്നു. മൂടല്‍ മഞ്ഞ് മൂന്നു ദിവസത്തേക്കെങ്കിലും തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
അതേസമയം ഡല്‍ഹിയിലെ വായുനിലവാരം അതീവ ഗുരുതരാവസ്ഥയിലാണ്. വായു നിലവാര സൂചിക പലപ്പോഴും 400 കടന്നതോടെ അതിഗുരുതര വിഭാഗത്തിലാണ് ഡല്‍ഹിയിപ്പോള്‍. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടാഴ്ചയോളം വായു നിലവാര സൂചിക ‘വളരെ മോശം’ നിലയിലായിരുന്നു.
പഞ്ചാബിലും പരിസരത്തും വൈക്കോല്‍ കത്തിക്കലുണ്ടാക്കുന്ന വായു മലിനീകരണത്തിനു പുറമേ, ദീപാവലി സമയത്തെ പടക്കംപൊട്ടിക്കലും ചേര്‍ന്നതോടെയാണ് ഡല്‍ഹി അക്ഷരാര്‍ഥത്തില്‍ ഗ്യാസ് ചേംബറായത്. ചൂടില്‍നിന്ന് തണുപ്പിലേക്ക് കടക്കുന്ന നവംബറില്‍ വായുമലിനീകരണം കൂടിയായപ്പോള്‍ ജനജീവിതം കടുത്ത ബുദ്ധിമുട്ടിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല