സ്വന്തം ലേഖകൻ: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ ക്ഷാമത്തെ തുടര്‍ന്ന് ലണ്ടനിലെ എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകള്‍ വ്യാപകമായി താളം തെറ്റി. പല വിമാനങ്ങളും റദ്ദാക്കുകയോ വൈകുകയോ വഴി തിരിച്ചു വിടുകയോ ചെയ്തത് ഒട്ടേറെ യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്. ഗാത്വിക് എയര്‍പോര്‍ട്ടില്‍ മാത്രം ഇത്തരത്തില്‍ ഇന്നലെ 40 വിമാനങ്ങളിലധികം റദ്ദാക്കുകയോ അല്ലെങ്കില്‍ വഴിതിരിച്ച് വിടുകയോ ചെയ്തുവെന്ന് റിപ്പോര്‍ട്ട്.
ഇത് മൂലം ബുദ്ധിമുട്ടുകളുണ്ടായ യാത്രക്കാരോട് എയര്‍പോര്‍ട്ട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിമാനം മുടങ്ങിയ യാത്രക്കാര്‍ തങ്ങളുടെ എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെടാനും എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാകാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസ് ( നാറ്റ്‌സ് ) പറഞ്ഞു . ഫ്‌ലൈറ്റ് റഡാര്‍ 24 ന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ ഗാറ്റ് വിക്കില്‍ എത്തിച്ചേരേണ്ട 376 വിമാനങ്ങളാണ് വൈകിയത്. ഇത് കൂടാതെ ഗാറ്റ് വിക്കിലേക്കുള്ള 252 വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുകയും ചെയ്തു.
ഈ അസൗകര്യങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് എയര്‍ ട്രാഫിക് സര്‍വീസസ് ചീഫ് രാജി വയ്ക്കണമെന്നാണ് റൈനയര്‍ ബോസായ മൈക്കല്‍ ഓ ലിയറി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ കടുത്ത അസംതൃപ്തി രേഖപ്പെടുത്തി ഈസി ജെറ്റും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല