സ്വന്തം ലേഖകൻ: വ്യോമയാന സുരക്ഷാ റാങ്കിങ്ങില്‍ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റില്‍ 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചൈന, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളെയടക്കം പിന്തള്ളിയാണ് നേട്ടം.
ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്. അവസാനം ഓഡിറ്റ് നടന്ന 2018ല്‍ 69.95 ശതമാനമായിരുന്ന സ്‌കോര്‍ നാലു വര്‍ഷം കഴിയുമ്പോള്‍ 85.49 ശതമാനമായി ഉയര്‍ന്നു. 2018ല്‍ 102-ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ചൈന(49)യുടെ റാങ്കിങ്. ഓഡിറ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളുവെന്ന് ഡി.ജി.സി.ഐ. ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
നിയമനിര്‍മ്മാണം, ഘടന, വ്യക്തിഗത ലൈസന്‍സിങ്, പ്രവര്‍ത്തനരീതികള്‍, ആകാശയാത്രയുടെ യോഗ്യത, വിമാനത്താവളങ്ങള്‍ എന്നീ മേഖലകളിലാണ് ഓഡിറ്റ് നടത്തിയത്. ഐക്യരാഷ്ട്രസംഘടനയുടെ സംഘം ഡല്‍ഹി വിമാനത്താവളം, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് കണ്‍ട്രോള്‍, എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.എന്‍.എസ്. വിഭാഗം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് മികച്ച റാങ്കിങ്.
സിങ്കപ്പൂര്‍, യുഎഇ ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ആദ്യനാല് സ്ഥാനങ്ങളില്‍. യുഎസ് 22-ാമതും ഖത്തര്‍ 25-ാമതുമാണ്. ഓഡിറ്റിലെ ഉയര്‍ന്ന റാങ്കിങ് രാജ്യം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യോമയാന കമ്പനികള്‍ക്ക് പുതിയ സാധ്യതകള്‍ തുറുന്നുനല്‍കുന്നു. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെ വിപുലീകരണ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ ഉയര്‍ന്ന റാങ്കിങ് കമ്പനിയുടെ ഈ നീക്കങ്ങള്‍ക്ക് സഹായകരമാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല