സ്വന്തം ലേഖകന്‍: യുഎസിലെത്തുന്ന അഭയാര്‍ഥികള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് യുഎസ് കമ്പനിയായ എയര്‍ബിഎന്‍ബി. എയര്‍എന്‍ബി കമ്പനി സിഇഒ ബ്രയാന്‍ ചെസ്‌കിയാണ് അഭയാര്‍ഥികള്‍ക്ക് താമസിക്കാന്‍ വീട് നിര്‍മിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. താമസം ആവശ്യമുള്ളവര്‍ ഇമെയില്‍ വഴി കമ്പനിയുമായി ബന്ധപ്പെടാനും ബ്രയാന്‍ ചെസ്‌കി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
വിലക്കു നേരിടുന്ന കുടിയേറ്റക്കാര്‍ക്കായി നിലകൊള്ളുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് ശരിയല്ലെന്നും ചെസ്‌കി അഭിപ്രായപ്പെട്ടു. കമ്പനിക്കുള്ള മൂന്ന് മില്യണ്‍ വീടുകള്‍ കുടിയേറ്റക്കാര്‍ക്കായി വിട്ടു നല്‍കുമെന്ന് ബ്രയാന്‍ ചെസ്‌കി അറിയിച്ചു. കുടിയേറ്റക്കാരെ വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നിതിനു പിന്നാലെയാണ് ചെസ്‌കിയുടെ പ്രഖ്യാപനം.
നേരത്തെ, മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് വന്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. സിറിയയില്‍നിന്നുള്ളവര്‍ക്ക് അനിശ്ചിത കാലത്തേക്കും മറ്റ് ആറു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്കുമാണ് അമേരിക്ക വീസ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അഭയാര്‍ഥികളുടെ വേഷത്തില്‍ ഇസ്ലാമിസ്റ്റ് ഭീകരര്‍ അമേരിക്കയില്‍ എത്തുന്നതു തടയുകയാണു ലക്ഷ്യമെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. വിലക്ക് നിലവില്‍ വന്ന സമയം മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് വിവാദ പ്രഖ്യാപനം ഫെഡറല്‍ കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല