സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്ക്, നിരക്ക് മൂന്നും നാലും ഇരട്ടിയായി കൂട്ടി യാത്രക്കാരെ പിഴിയാന്‍ വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ മൂന്നൂം നാലും ഇരട്ടിയായാണ് കേരളത്തിലേക്കുള്ള നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. സ്‌കൂള്‍ അവധിക്കാലത്തിന്റെയും ചെറിയ പെരുന്നാളിന്റെയും പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ഒഴുക്ക് തുടങ്ങിയതോടെയാണ് കമ്പനികള്‍ നിരക്ക് കൂട്ടിയത്.
സ്‌കൂളുകള്‍ അടച്ചതോടെ പ്രവാസികള്‍ കുടുംബത്തോടെ നാട്ടിലേക്ക് അവധിക്കായി തിരിക്കുന്ന സമയമാണ് ഇത്. ഒപ്പം ചെറിയ പെരുന്നാള്‍ അവധിക്കും നാട്ടിലേക്ക് തിരിക്കുന്നവര്‍ ധാരാളം. അവസരം മുതലാക്കാനായി വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയതോടെ വലയുന്നത് പ്രവാസി കുടുംബങ്ങളാണ്. നാട്ടിലേക്ക് വരുന്ന ഇവര്‍ക്ക് തലവേദനയാകുകയാണ് ഈ നിരക്കുകള്‍.
നിരക്ക് കൂട്ടുന്ന കാര്യത്തില്‍ സ്വകാര്യ കമ്പനികളും എയര്‍ ഇന്ത്യയും ഒരു പോലെ മുന്നിലാണെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം ദുബായി, ഷാര്‍ജ എയര്‍പോര്‍ട്ടുകളില്‍ നിന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള ടിക്കറ്റുകള്ക്ക് മുപ്പത്തി അയ്യായിരം രൂപയിലധികമാണ് ഇടാക്കിയത്. ഒരു വശത്തേക്ക് മാത്രമുള്ള യാത്രക്കാണ് ഇത്രയും തുക.
അടുത്ത ദിവസങ്ങളിലും എയര്‍ഇന്ത്യയുടെ നിരക്ക് മുപ്പതിനായിരത്തോളം വരും. മറ്റ് സ്വകാര്യവിമാനകമ്പനികള്‍ ഇതിലും ഏറെ വര്‍ദ്ധനയാണ് നിരക്കില്‍ വരുത്തിയിട്ടുള്ളത്. സ്‌കൂള്‍ അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനായി മാസങ്ങള്‍ക്ക് മുമ്പെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും വലിയ തുകയാണ് മുടക്കേണ്ടി വന്നിട്ടുള്ളത്. ഉത്സവ സീസണിലും സ്‌കൂള്‍ അവധിക്കാലത്തും വിമാനകമ്പനികള്‍ നടത്തുന്ന ചൂഷണത്തിന് പരിഹാരം കാണണം എന്നത് പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല