കേരളത്തില്‍ വേനല്‍ അവധിക്കാലം അടുത്തെത്തിയതോടെ പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ ഒരുങ്ങുന്നു. സീസണ്‍ തിരക്ക് പരമാവധി മുതലാക്കാന്‍ വിമാന യാത്രാക്കൂലി കുത്തനെ വര്‍ധിപ്പിക്കാനാണ് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ തയ്യാറെടുക്കുന്നത്.
ടിക്കറ്റ് നിരക്കില്‍ 100 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് സൂചന.നേരത്തെ ഉംറ തിരക്ക് പരിഗണിച്ച് സൗദി എയര്‍വേയ്‌സ് യാത്രക്കൂലി കുത്തനെ കൂട്ടിയിരുന്നു.
ഖത്തര്‍ എയര്‍വേയ്‌സും നിരക്ക് കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. ഫലത്തില്‍ നിലവിലുള്ള കോഴിക്കോട് മസ്‌ക്കറ്റ് ടിക്കറ്റ് നിരക്ക് 35,000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 70,000 രൂപയാകും.
സുരക്ഷാ പ്രശ്‌നങ്ങളും ജീവനക്കാരുടെ കുറവും കാരണം നട്ടംതിരിയുന്ന എയര്‍ ഇന്ത്യ 180 ശതമാനം നിരക്ക് കൂട്ടുമെന്നാണ് കരുതപ്പെടുന്നത്. വര്‍ധിച്ചു വരുന്ന യാത്രക്കാരുടെ പരാതികള്‍ മറ്റു വിമാന കമ്പനികളുമായി മത്സരക്കുന്നതില്‍ എയര്‍ ഇന്ത്യക്ക് ഭീഷണിയാണ്. അതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ മറ്റ് വിമാന കമ്പനികളിലെക്ക് കൂടുമാറുന്നത് തടയുന്നതിനായി നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറാവില്ലെന്നാണ് സൂചന.
കേരളത്തില്‍ പരീക്ഷകള്‍ കഴിഞ്ഞ് സ്‌കൂളുകള്‍ പൂട്ടുന്ന ഏപ്രില്‍, മെയ് മാസങ്ങളിലാണ് പ്രവാസികളുടെ കുടുംബങ്ങള്‍ വിദേശത്തേക്ക് പോകാറുള്ളത്. മെയ് മാസത്തോടെ ഇവര്‍ കേരളത്തിലേക്ക് മടങ്ങുകയും ചെയ്യും. കുടുംബമായുള്ള ഇത്തരം യാത്രകള്‍ വിമാന കമ്പനികള്‍ക്ക് ചാകരയാണ്.
അതേസമയം കൊള്ളലാഭം മുന്നില്‍ കണ്ട് ഗള്‍ഫ് സ്‌കൂള്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കേരളത്തിലേക്ക് ചെലവു കുറഞ്ഞ ചെറുവിമാനങ്ങള്‍ പറത്തണമെന്ന് ആവശ്യം വിമാന കമ്പനികള്‍ തള്ളിക്കളയുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല