ക്രിസ്മസ് അവധിക്കാലം മുന്‍നിര്‍ത്തി യാത്രാ നിരക്ക് ഉയര്‍ത്താന്‍ വിമാനക്കമ്പനികള്‍ ഒരുങ്ങുന്നു. ക്രിസ്മസ്- പുതുവര്‍ഷത്തോടനുബന്ധിച്ച് 20 മുതല്‍ 25% വരെ യാത്രക്കൂലി ഉയര്‍ത്താനാണു കമ്പനികളുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയിലായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ മറ്റ് കമ്പനികളുടെ ടിക്കറ്റ് വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യം മുതലാക്കി കമ്പനികളെല്ലാം നിരക്ക് വര്‍ധിപ്പിക്കാന്‍ തയാറെടുക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എടിഎഫ് വിലയില്‍ 40% വര്‍ധനയുണ്ടായതാണ് യാത്രക്കൂലി ഉയര്‍ത്തുന്നതിനു ന്യായീകരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ആറു കമ്പനികളില്‍ അഞ്ചും നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നും കമ്പനികള്‍. ജൂലൈ- സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ എയര്‍ ഇന്ത്യ, കിങ്ഫിഷര്‍, ജെറ്റ് എയര്‍വേയ്സ്, സ്പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയുടെ നഷ്ടം 2,500 കോടിയിലധികമാണ്.
25% നിരക്ക് വര്‍ധനയുണ്ടായാല്‍ 4,000 രൂപ വരെ യാത്രക്കൂലി കൂടും. നിരക്ക് കൂട്ടുമെന്ന സൂചന ജെറ്റ് എയര്‍വേയ്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് എം. ശിവകുമാര്‍ നല്‍കി. 50% മൊത്തം ചെലവില്‍ 43 ശതമാനവും ഇന്ധനച്ചെലവാണെന്നും അതിനാല്‍ 20% നിരക്ക് വര്‍ധന അനിവാര്യമാണെന്നു ഗോ എയര്‍ സിഇഒ ഗിര്‍ജിയോ ഡി റോണി പ്രതികരിച്ചു. അതേ സമയം നിരക്കുകള്‍ വിലയിരുത്തുന്നുണ്ടെന്നു വ്യോമയാന ഡയറക്റ്റര്‍ ഭരത് ഭൂഷണ്‍ അറിയിച്ചു.
ശൈത്യകാല ഷെഡ്യൂളില്‍ 200 ഫ്ളൈറ്റുകള്‍ റദ്ദാക്കിയേക്കുമെന്നു കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സൂചന നല്‍കിയിട്ടുണ്ട്. 20% വിപണി വിഹിതമുള്ള കിങ്ഫിഷര്‍ വഴി പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരാണ് സഞ്ചരിക്കുന്നത്. പകുതിയായി സര്‍വീസ് വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ 4 ലക്ഷം യാത്രക്കാരെ പ്രത്യക്ഷമായി ഇതു ബാധിക്കുമെന്നു ഡിജിസിഎ (ഡയറക്റ്ററേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍) വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല