1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2024

സ്വന്തം ലേഖകൻ: കനത്ത മഴയിൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ട്. തിങ്കളാഴ്ച പുലർച്ചെമുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. അതിശക്തമായ മഴയും വെള്ളക്കെട്ടും ജനജീവിതം ദുസ്സഹമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുംബൈ, താനെ, പാൽഘർ, കൊങ്കൺ ബെൽറ്റ് എന്നിവിടങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ, സ്വകാര്യ, മുനിസിപ്പൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോർലി, ബന്ധാര ഭവൻ, കുർള ഈസ്റ്റ്, മുംബൈയിലെ കിങ്സ് സർക്കിൾ ഏരിയ, ദാദർ, വിദ്യാവിഹാർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണത്തിനായി വിവിധ മേഖലകളിൽ എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.

കനത്ത മഴയിൽ ട്രാക്കുകളിൽ മണ്ണ് മൂടിയതിനെത്തുടർന്ന് താനെ ജില്ലയിലെ കസറ, ടിറ്റ്‌വാല സ്റ്റേഷനുകൾക്കിടയിലുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. മുംബൈ ഡിവിഷനിലെ കല്യാൺ, കസറ സ്റ്റേഷനുകൾക്കിടയിലെ വെള്ളക്കെട്ട് കാരണം നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

കനത്ത മഴയിൽ താറുമാറായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം. മോശം കാലാവസ്ഥമൂലം 50-ഓളം വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. അഹമ്മബാദ്, ഹൈദരാബാദ്, ഇന്ദോര്‍ എന്നീ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ വഴി തിരിച്ചുവിട്ടതായാണ് റിപ്പോ‍ർട്ട്.

വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള സർവീസുകൾക്കാണ് മുൻ​ഗണനയെന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. വഴിതിരിച്ചുവിട്ട വിമാനങ്ങളെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്റെ ഫലമായി മുംബൈയിൽ നിന്നും വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടായേക്കാം. ആയതിനാൽ, യാത്രക്കാർ അതാത് എയർലൈൻസിന്റെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ച പുലർച്ചെമുതൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. നഗരത്തിലെ ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബൈ, താനെ, പാൽഘർ, കൊങ്കൺ മേഖല
എന്നിവിടങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.