സ്വന്തം ലേഖകൻ: യാത്രക്കിടെ അപരിചിതരുടെ ലഗേജുകൾ കൈയിൽ കരുതാറുണ്ടോ? വിമാനത്താവളങ്ങളിൽ നിന്ന് ഒരു ബാഗ് വഹിച്ച് സഹായിക്കാമോ എന്ന അപേക്ഷയുമായി സമീപിക്കുന്നവരുടെ വലയിൽ നിങ്ങളും പെടാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക. നിങ്ങൾക്കായുള്ള വലിയ കെണിയാണ് അതെന്ന് ഓർമപ്പെടുത്തുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം.
അനുവദിച്ച തൂക്കത്തിൽ അധികം ലഗേജുണ്ടെന്നും നിങ്ങളുടെ ബോർഡിങ് പാസിനൊപ്പം അതും കടത്തിവിട്ട് സഹായിക്കണമെന്നും അഭ്യർഥിച്ച് യാത്രക്കിടെ നിരവധി പേരാണ് ഓരോരുത്തരെയും സമീപിക്കുന്നത്. എന്നാൽ, ഈ വഴിവിട്ട സഹായം പലപ്പോഴും നിങ്ങളെയും അപകടത്തിൽ ചാടിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വിഡിയോ പങ്കുവെച്ചുകൊണ്ട് മുന്നറിയിപ്പ് നൽകുന്നു.
അപരിചിതരായ മറ്റു യാത്രക്കാരുടെയോ ഉള്ളടക്കം എന്തെന്നറിയാത്ത ലഗേജുകളോ ഒരിക്കലും നിങ്ങളുടെ ബോർഡിങ് പാസിലൂടെ കടത്തിവിടരുതെന്ന് മന്ത്രാലയം അറിയിച്ചു. സഹായം തേടുന്നവരുടെ പെട്ടിയിൽ എന്താണെന്നറിയാതെ വഹിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.
യാത്ര തടസ്സപ്പെടുമെന്നു മാത്രമല്ല, ലഗേജിന്റെ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുകയും നിയമനടപടികൾ നേരിടേണ്ടിവരുകയും ചെയ്യും -മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങിൽ നിന്നോ പുറത്ത് അപരിചിതരായ സഹയാത്രികർ ദയനീയമായി നടത്തുന്ന അഭ്യർഥന നിരുപദ്രവകരമാണെന്ന് തോന്നിയാലോ സഹായിക്കുന്നത് നിയമപരമായ സങ്കീർണതകൾക്ക് ഇടയാക്കും.
യാത്രയിൽ കൈവശമുള്ളതും ബോർഡിങ് ചെയ്യുന്നതുമായ എല്ലാ വസ്തുക്കളും നിങ്ങളുടേത് മാത്രമാണെന്ന് ഉറപ്പാക്കുകയും ചെയ്യണം -അധികൃതർ വ്യക്തമാക്കി. കുടുംബ സമേതവും അല്ലാതെയും യാത്രചെയ്യുമ്പോൾ സമാന സംഭവങ്ങൾ പതിവാണ്. നിയമവിരുദ്ധമായ വസ്തുക്കൾ കടത്താനോ മറ്റോ ശ്രമിക്കുന്നവരുടെ ചതിയിൽ പെട്ട് ഇരകളായി നിരപരാധികൾ മാറുന്നത് തടയുന്നതിനു വേണ്ടിയുള്ള ബോധവത്കരണം കൂടിയാണ് ആഭ്യന്തര മന്ത്രാലയം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല