![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-09-170313-640x395.png)
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഇ-മെയില്‍ വഴി ഭീഷണി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ കൊച്ചി ആസ്ഥാനത്താണ് ശനിയാഴ്ച ഉച്ചയോടെ ഇ-മെയില്‍ ഭീഷണി ലഭിച്ചത്.
ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലും ആക്രമണമുണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളില്‍ സുരക്ഷാസേനയുടെയും വിമാനകമ്പനികളുടെയും വിമാനത്താവള അധികൃതരുടെയും നേതൃത്വത്തില്‍ സുരക്ഷാവിഭാഗം യോഗം ചേര്‍ന്നു.
തുടര്‍ന്ന് തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളില്‍ ശക്തമായ പരിശോധന നടത്തി. ഒന്നരയോടെ ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തി. ബി.സി.എ.എസ്. അധികൃതരുടെ നിര്‍ദേശപ്രകാരം അടുത്ത 24 മണിക്കൂര്‍വരെ കനത്ത സുരക്ഷാപരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തിനുള്ളിലും പുറത്തുമായി സുരക്ഷാസേനയുടെ നേതൃത്വത്തില്‍ കനത്ത കാവലേര്‍പ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയുടെ പുനര്‍നിര്‍മാണം കഴിഞ്ഞ ജനുവരി 14-ന് ആരംഭിച്ചിരുന്നു. അതിനാല്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ആറുവരെ റണ്‍വേ അടച്ചിടുന്നുണ്ട്. ഈ സമയം വിമാനസര്‍വീസ് ഉണ്ടാകില്ല.
ഭീഷണി ഒഴിവായെങ്കിലും തിരുവനന്തപുരം വിമാനത്താവളം അടക്കമുള്ള സംസ്ഥാനത്തെയും ചെന്നൈ, ബെംഗ്ലുരു എന്നീ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല