അജിത് തമിഴ് സിനിമയുടെ അടുത്ത രജനികാന്താണെന്ന് സിനിമാ വിദഗ്ധര്‍ ഒന്നടങ്കം പറയുന്നു. വിജയ്, സൂര്യ, വിക്രം തുടങ്ങിയവരുടെ സിനിമകള്‍ ആരാധകരില്‍ ആവേശം പടര്‍ത്തുമ്പോള്‍ അജിത് ചിത്രങ്ങള്‍ ഒരു ലഹരി പോലെ പടര്‍ന്നുപിടിക്കുന്നതായാണ് വിലയിരുത്തല്‍. ‘ബില്ല’ മുതലാണ് അജിത് തമിഴകത്ത് രജനി കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്റ്റാര്‍ ആയി മാറിയത്. അജിത്തിന്റെ സിനിമകളുടെ ഇനിഷ്യല്‍ കളക്ഷന്‍ മറികടക്കാന്‍ ഇന്ന് രജനി മാത്രമേയുള്ളൂ എന്നാണ് നിഗമനം.
അതുകൊണ്ടുതന്നെ സാധാരണ നാടന്‍ കഥകള്‍ക്കൊന്നും അജിത് ഇപ്പോള്‍ തല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. അധോലോക കഥകളും വമ്പന്‍ ആക്ഷന്‍ സിനിമകളുമാണ് ഇപ്പോള്‍ അജിത്തിന് പ്രിയം. മങ്കാത്തയില്‍ അജിത് പൂര്‍ണമായും നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
അജിത് ഇപ്പോള്‍ ബില്ലയുടെ രണ്ടാം ഭാഗം ‘ബില്ല 2’ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം രണ്ട് പ്രൊജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുന്നു. രജനികാന്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാഷ, കമലഹാസന് – ഷങ്കര്‍ ടീമിന്റെ ‘ഇന്ത്യന്‍’ എന്നീ സിനിമകളുടെ രണ്ടാം ഭാഗത്തിനായി അജിത് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം ‘മങ്കാത്ത’യുടെ രണ്ടാം ഭാഗവും ആലോചിക്കുന്നുണ്ടത്രെ.
ബാഷയുണ്ടെ രണ്ടാം ഭാഗം അജിത് ചെയ്യണമെന്ന് രജനികാന്തിനും ആഗ്രഹമുണ്ടത്രെ. ബാഷ ഒരുക്കിയ സുരേഷ്കൃഷ്ണയോ ഹരിയോ ബാഷ 2 സംവിധാനം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അണ്ണാ ഹസാരെയുടെ നിരാഹാര സമരമാണ് ‘ഇന്ത്യന്‍’ സിനിമയുടെ രണ്ടാം ഭാഗത്തേപ്പറ്റി ഷങ്കറിനെ ചിന്തിപ്പിച്ചത്. ബില്ല 2 കഴിഞ്ഞാല്‍ അജിത് ‘ഇന്ത്യന്‍ 2’ ചെയ്യാനാണ് കൂടുതല്‍ സാധ്യത. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല