സ്വന്തം ലേഖകൻ: വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയാലുളള നടപടിക്രമങ്ങള്‍ പരിഷ്കരിച്ച് അജ്മാന്‍. ദീർഘ കാലത്തേക്ക് പൊതുഇടങ്ങളില്‍ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ വാഹനങ്ങള്‍ വാഹനം പാർക്ക് ചെയ്താല്‍ ഉപേക്ഷിക്കപ്പെട്ട വാഹനമായി കണക്കാക്കും.
എമിറേറ്റിന്‍റെ സൗന്ദര്യവത്കരണത്തിന് എതിരാകുന്നതോ പാരിസ്ഥിതിക ചട്ടങ്ങള്‍ ലംഘിക്കുന്നതോ ആയ രീതിയില്‍ ദീർഘകാലത്തേക്ക് പൊതുസ്ഥലത്ത് വാഹനങ്ങള്‍ പാർക്ക് ചെയ്യരുതെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
ഇത്തരത്തില്‍ വാഹനങ്ങള്‍ ദീർഘകാലത്തേക്ക് അശ്രദ്ധമായി പാർക്ക് ചെയ്താല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വാഹനങ്ങള്‍ തിരിച്ചറിയാനും കണ്ടുകെട്ടാനും മുനിസിപ്പാലിറ്റിക്കും പ്ലാനിങ് വകുപ്പിനും അധികാരമുണ്ട്. ഏഴു ദിവസത്തേക്ക് വാഹനം മാറ്റാതിരുന്നാല്‍ ഉപേക്ഷിക്കപ്പെട്ട വാഹനമായി കണക്കാക്കും.
വാഹനം പിടിച്ചെടുത്താല്‍ 30 ദിവസത്തെ നോട്ടീസ് കാലയളവ് ഉണ്ടാകും. ഉടമയെ ഇക്കാര്യം അറിയിക്കും. വാഹനം തിരിച്ചെടുക്കാന്‍ ഉടമയ്ക്ക് കഴിയാതിരുന്നാല്‍ ലേലമുള്‍പ്പടെയുളള നിയമ നടപടികള്‍ ആരംഭിക്കും. ലേലത്തിന് മുന്‍പ് ഉടമയ്ക്ക് വാഹനം തിരിച്ചെടുക്കാനുളള സംവിധാനമുണ്ടാകും. വാഹനം വീണ്ടെടുക്കൽ തീയതി വരെയുള്ള എല്ലാ അനുബന്ധ ഫീസുകളും അടച്ചാല്‍ മാത്രമേ വാഹനം തിരികെ ലഭിക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല