സ്വന്തം ലേഖകൻ: യുഎഇയിലെ അജ്മാനില്‍ താമസ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. 36 നിലകളുള്ള കെട്ടിടത്തിലാണ് തീപ്പടര്‍ന്നത്. കെട്ടിടത്തിലെ താമസക്കാരായ മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അജ്മാനിലെയും ഷാര്‍ജയിലെയും ഹോട്ടലുകളിലേക്കാണ് കുടുംബങ്ങളെ താല്‍ക്കാലികമായി മാറ്റിയിരിക്കുന്നത്. ആര്‍ക്കും പരിക്കോ മറ്റുഅപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒരു മണിക്കൂറിനകം കെട്ടിടത്തില്‍ താമസിക്കുന്നവരെ പൂര്‍ണമായും ഒഴിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സ്, പോലീസ് സംഘത്തിന് സാധിച്ചതായും അധികൃതര്‍ പറഞ്ഞു. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അപകടസ്ഥലത്ത് ഒരു മൊബൈല്‍ പോലീസ് സ്റ്റേഷന്‍ കൊണ്ടുവന്നതായും, സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിക്കാന്‍ താമസക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതായും അജ്മാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഓപ്പറേഷന്‍സ് ബ്രിഗേഡിയര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു. തീപിടിത്തമുണ്ടായ ടവര്‍ രണ്ടില്‍ നിന്ന് അജ്മാനിലെയും ഷാര്‍ജയിലെയും ഹോട്ടലുകളിലേക്ക് താമസക്കാരെ എത്തിക്കുന്നതിന് റെഡ് ക്രസന്റുമായി സഹകരിച്ച് എമിറേറ്റിന്റെ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഏഴ് ബസുകള്‍ നല്‍കിയതായും പോലീസ് വ്യക്തമാക്കി.
അതിനിടെ, അബുദാബിയില്‍ ഇന്നലെ ഉച്ചയോടെ മലയാളിയുടെ റെസ്റ്റോറന്റിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പാചക വാതക വിതരണ സംവിധാനത്തിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടത്തില്‍ റെസ്റ്റോന്റിന്റെ ചില്ലുകള്‍ പൊട്ടിച്ചിതറുകയും കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കിച്ചണില്‍ ഉണ്ടായിരുന്ന കുക്ക് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പരിക്ക് ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു. സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റില്‍ അല്‍ ഫലാഹ് പ്ലാസയ്ക്ക് പിറകിലെ ഹോട്ടലിലാണ് അപകടം ഉണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല