1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2017

സ്വന്തം ലേഖകന്‍: യുഎഇയില്‍ തീപിടിച്ച ട്രക്കില്‍ നിന്ന് പര്‍ദ പുതപ്പിച്ച് ഇന്ത്യന്‍ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച ‘ദൈവത്തിന്റെ കൈ’ ആയത് ജവഹര്‍ സെയ്ഫ് അല്‍ കുമൈത്തി എന്ന അജ്മാന്‍ യുവതി. തീപ്പിടിച്ച് ഇറങ്ങിയോടിയ ഇന്ത്യക്കാരനായ ഡ്രൈവര്‍ ഹര്‍ക്രീത് സിങ്ങിനെ ജവഹര്‍ സെയ്ഫ് അല്‍ കുമൈത്തി സ്വന്തം സുരക്ഷ പോലും വകവെയ്ക്കാതെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുകയായിരുന്നു. ‘ദൈവത്തിന്റെ കൈ’ എന്നാണ് ഈ യുവതിയുടെ രക്ഷാ പ്രവര്‍ത്തനത്തെ റാസല്‍ഖൈമ പൊലീസ് വിശേഷിപ്പിച്ചത്.

റാസല്‍ഖൈമയിലെ രക്തസാക്ഷി റോഡില്‍ അപകടമുണ്ടായി രണ്ട് ട്രക്കുകള്‍ കത്തുകയായിരുന്നു. ഈ സമയം അതുവഴി കാറില്‍ വരികയായിരുന്നു ജവഹര്‍.തീപ്പിടിച്ച ട്രക്കുകളില്‍ ഒന്നില്‍ നിന്ന് ദേഹം മുഴുവന്‍ തീപടര്‍ന്ന് ഡ്രൈവര്‍ ഹര്‍ക്രീത് സിങ് മരണ വെപ്രാളത്തില്‍ ഇറങ്ങിയോടി. ചുറ്റുപാടും ആളുകളുണ്ടായിട്ടും ആരും അയാളുടെ രക്ഷയ്‌ക്കെത്തിയില്ല. ഇതുകണ്ട ജവഹര്‍ ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അബായ അഴിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു.

സുഹൃത്ത് യാതൊരു മടിയുമില്ലാതെ പര്‍ദ്ദ അഴിച്ചു നല്‍കി. ഉടന്‍ തന്നെ ജവഹര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി തീപ്പിടിച്ചയാളെ പുതപ്പിക്കുകയായിരുന്നു. തീപ്പൊള്ളല്‍ ഏല്‍ക്കുമോ എന്ന ഭയമൊന്നും ജവഹറിനെ ഈ സമയം അലട്ടിയില്ല. തുണികൊണ്ട് പുതപ്പിച്ചതോടെ അല്‍പ്പ സമയത്തിനകം ഹര്‍ക്രീതിന്റെ ദേഹത്തെ തീയണഞ്ഞു. തുടര്‍ന്ന് ജവഹര്‍ അയാളെ ആശ്വസിപ്പിക്കുകയും ചെയ്തു.വൈകാതെ പൊലീസും ആംബുലന്‍സ് സഹിതം മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലാക്കി.

പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചോടിയ യുവാവിനെ രക്ഷിക്കാന്‍ കൂടി നിന്നവരില്‍ ആരും തയ്യാറാകാതിരുന്നത് തന്നെ ഞെട്ടിച്ചെന്ന് ജവഹര്‍ പറയുന്നു.യുവതിയുടെ രക്ഷാപ്രവര്‍ത്തനം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നെങ്കിലും ആരാണ് ഈ യുവതിയെന്ന് ആദ്യം ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ജവഹര്‍ സെയ്ഫ് ആണ് അജ്ഞാത യുവതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് സുരക്ഷാ വിഭാഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.