സ്വന്തം ലേഖകന്‍: മുന്‍ മന്ത്രി എകെ ശശീന്ദ്രനെ അശ്ലീല സംഭാഷണത്തില്‍ കുടുക്കിയ സംഭവം, മംഗളം ചാനല്‍ മേധാവി അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ രാജിവെയ്‌ക്കേണ്ടി വന്ന ഫോണ്‍വിവാദത്തില്‍ ചാനല്‍ സി ഇ ഒ അജിത്കുമാര്‍ ഉള്‍പ്പടെയുളളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. മറ്റ് പ്രതികളോട് പിന്നീട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിട്ടയച്ചു.
അറസ്റ്റിലായവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ ഒന്പത് പേരില്‍ രണ്ടു പേരെ രാവിലെയും രണ്ടു പേരെ വൈകുന്നേരവും വിട്ടയച്ചിരുന്നു. മൊഴിയെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനു ശേഷമാണ് അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടയാനാവില്ലെന്ന കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.? ഈ? സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. അതേ സമയം ചാനല്‍ ചെയര്‍മാനും ഫോണില്‍ മന്ത്രിയോട് സംസാരിച്ച വ്യക്തിയും ഹാജരായിട്ടില്ല.
ക്രിമിനല്‍ ഗൂഢാലോചന, ഐടി നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തത് ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. തന്റെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും കാണാനില്ലെന്നു ചാനല്‍ മേധാവി മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ടിവി ചാനല്‍ ഓഫിസില്‍ പരിശോധന നടത്തിയിരുന്നു. റജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകളും ലൈസന്‍സ് വിവരങ്ങളും വാര്‍ത്ത സംപ്രേഷണം ചെയ്തതിന്റെ ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രൈവും പൊലീസ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 26 ന് രാവിലെയാണ് ചാനല്‍ വിവാദ ഫോണ്‍സംഭാഷണം പുറത്തുവിട്ടത്. മന്ത്രി ശശീന്ദ്രന്‍ വീട്ടമ്മയോട് നടത്തിയ സംഭാഷണമെന്ന് പറഞ്ഞായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. അന്ന് വൈകുന്നേരത്തോടെ മന്ത്രി രാജിവച്ചു. മന്ത്രി തന്നെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും സംഭവം വന്‍ വിവാദമാകുകയും ചെയ്തതോടെ മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും ചാനലിന്റെ നടപടി തരംതാണതാണെന്ന വിലയിരുത്തലുണ്ടായി.
തുടര്‍ന്ന് സര്‍ക്കാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അടക്കം ചാനലിനെതിരെ രംഗത്തു വരികയും ജനരോഷം രൂക്ഷമാകുകയും ചെയ്തതോടെ ചാനല്‍ മേധാവി അജിത് കുമാര്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് ചാനലിലുടെ ഖേദം പ്രകടിപ്പിച്ചു. വീട്ടമ്മയല്ല വിളിച്ചതെന്നും ചാനലിലെ മാധ്യമപ്രവര്‍ത്തകയാണെന്നും അത് സ്റ്റിങ് ഓപ്പറേഷനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ അതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയും അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. എന്‍സിപി യുവജനസംഘടനയുടെ സംസ്ഥാന അധ്യക്ഷനും വനിതാ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നല്‍കിയ കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല