സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഏറ്റവും പുതിയ വാണിജ്യ എയര്‍ലൈനായ ആകാശ എയറിന് സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും കുവൈത്തിലേക്കും സര്‍വീസിന് അനുമതി. മിഡില്‍ ഈസ്റ്റ് സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്തയാഴ്ച മുതല്‍ ദോഹയിലേക്ക് സര്‍വീസ് നടത്തുമെന്ന് നേരത്തേ കമ്പനി പ്രഖ്യാപിച്ചിരുന്നു.
ജിദ്ദ, റിയാദ്, കുവൈത്ത് തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇതിനകം തന്നെ ട്രാഫിക് അവകാശം നേടിയതായി ആകാശ എയറിന്റെ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു. മേഖലയിലെ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് അവകാശം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് 19 മാസം എന്ന റെക്കോഡ് സമയത്തിനുള്ളില്‍ അന്താരാഷ്ട്ര സര്‍വീസ് അനുമതി ലഭിച്ച സ്വകാര്യ വിമാന കമ്പനിയാണ് ആകാശ എയര്‍. ഏതാനും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കൂടി സര്‍വീസ് നടത്താന്‍ കമ്പനിക്ക് താല്‍പര്യമുണ്ട്. ഇതിനായി നീക്കങ്ങള്‍ നടത്തിവരികയാണെന്നും വിനയ് ദുബെ വ്യക്തമാക്കി.
ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് പറക്കാനുള്ള അവകാശം ലഭിക്കുന്നത് വൈകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഉഭയകക്ഷി പറക്കല്‍ അവകാശങ്ങളുടെ പരിമിതിയാണ് ഇതിന് കാരണം. എന്നാല്‍ അബുദാബി ഉള്‍പ്പെടെയുള്ള യുഎഇയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വൈകാത സര്‍വീസ് നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസിന് അടുത്തയാഴ്ച തുടക്കംകുറിക്കും. മാര്‍ച്ച് 28 മുതലാണ് ഖത്തറിലെ ദോഹയിലേക്ക് പറക്കുന്നത്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ നിന്ന് ദോഹയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസാണിത്. ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുമെന്നാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചത്. ശനി, ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ്.
ഈ വേനല്‍ക്കാലത്ത് തന്നെ ദോഹയ്ക്ക് പുറമെ ഏതാനും വിമാനത്താവളങ്ങളിലേക്കു കൂടി സര്‍വീസ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ലക്ഷ്യസ്ഥാനങ്ങളോ തീയതികളോ ഇപ്പോള്‍ പറയാനാവില്ലെന്നും അധികൃതര്‍ സൂചിപ്പിച്ചു.
ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ ആകാശ എയറിന് സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും സര്‍വീസിന് അനുമതി ലഭിച്ചു. എന്നാല്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് സമീപകാലത്ത് അനുമതി ലഭിക്കാനിടയില്ലെന്നും കമ്പനി അറിയിച്ചു. അബുദാബി ഉള്‍പ്പെടെയുള്ള യുഎഇയിലെ മറ്റ് ചില വിമാനത്താവളത്തിലേക്ക്
വൈകാതെ സര്‍വീസ് ആരംഭിച്ചേക്കും.
ക്യുപി70 നമ്പര്‍ വിമാനമാണ് മുംബൈ-ദോഹ സര്‍വീസ് നടത്തുക. ഇന്ത്യയില്‍ നിന്ന് 5.45ന് പുറപ്പെട്ട് ഖത്തര്‍ സമയം 7.40ന് ദോഹയിലെത്തും. ദോഹ-മുംബൈ വിമാനത്തിന്റെ നമ്പര്‍ ക്യുപി71 ആണ്. ഖത്തറില്‍ നിന്ന് രാത്രി 8.40ന് പുറപ്പെട്ട് പുലര്‍ച്ചെ 2.45ന് ഇന്ത്യയിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല