സ്വന്തം ലേഖകൻ: ഇന്ത്യയുടെ നവാഗത വിമാന കമ്പനിയായ ആകാശ എയറിന്റെ അന്താരാഷ്ട്ര സര്‍വീസ് അടുത്ത മാസം മുതല്‍. മുംബൈയില്‍ നിന്ന് ദോഹയിലേക്ക് ആയിരിക്കും ആദ്യ അന്താരാഷ്ട്ര സര്‍വീസ്. ദോഹയില്‍ നിന്ന് അന്നുതന്നെ മുംബൈയിലേക്ക് തിരിച്ചും സര്‍വീസുണ്ടാവും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈന്‍സ് ആയ ആകാശ എയര്‍ മികച്ച രീതിയില്‍ ആഭ്യന്തര സര്‍വീസ് നടത്തിവരുന്നുണ്ട്.
ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസിന് അടുത്തിടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്. മാര്‍ച്ച് 28 മുതല്‍ മുംബൈ-ദോഹ-മുംബൈ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകളാണ് ഉണ്ടാവുക. ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്.
മുംബൈ-ദോഹ ക്യുപി70 നമ്പര്‍ വിമാനം ഇന്ത്യന്‍ സമയം 5.45ന് പുറപ്പെട്ട് ഖത്തര്‍ സമയം 7.40ന് ദോഹയില്‍ എത്തിച്ചേരും. ദോഹ-മുംബൈ ക്യുപി71 വിമാനം ഖത്തറില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8.40ന് പുറപ്പെടും. അടുത്ത ദിവസം പുലര്‍ച്ചെ 2.45ന് ഇന്ത്യയില്‍ ഇറങ്ങും.
ആകാശ എയര്‍ അതിവേഗം വളരുകയാണെന്നും ആദ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് പ്രഖ്യാപിക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും കമ്പനി സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു. പ്രധാന ഇന്ത്യന്‍ വാണിജ്യ കേന്ദ്രമായ മുംബൈയുമായി ഖത്തറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന നാല് ഫ്ളൈറ്റുകള്‍ ആഴ്ചയിലുണ്ടാവും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിനോദസഞ്ചാരം, വാണിജ്യം, ഉഭയകക്ഷി ബന്ധങ്ങള്‍ എന്നിവ ഇത് സുഗമമാക്കും. ടൂറിസം മേഖല ശക്തിപ്പെടുത്താനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് ഇത് ശക്തിപകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആകാശ എയറിന്റെ സൗദി, കുവൈത്ത് സര്‍വീസുകളും വൈകാതെ തുടങ്ങാനാവുമെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ. ദുബായിലേക്ക് സര്‍വീസ് നടത്താനും കമ്പനി ആഗ്രഹിക്കുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കമ്പനി ശ്രമം നടത്തിവരികയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അനുമതിയായെങ്കിലും വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ അതാത് രാജ്യങ്ങളുടെ അനുമതിയും സ്ലോട്ടുകളും ലഭിക്കേണ്ടതുണ്ട്.
2021ലാണ് എസ്എന്‍വി ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിക്ക് കീഴില്‍ സ്ഥാപിതമായ ആകാശ എയറിന് നിലവില്‍ മുംബൈയില്‍ നിന്ന് കേരളത്തില്‍ കൊച്ചി വിമാനത്താവളത്തിലേക്ക് സര്‍വീസ് ഉണ്ട്. ആകാശ എയറിന്റെ 46% ഓഹരി അന്തരിച്ച പ്രമുഖ ഓഹരി വിപണി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ കുടുംബത്തിനാണ്. വിനയ് ദുബെ, ആദിത്യ ഘോഷ് എന്നിവരാണ് കമ്പനിയുടെ സഹസ്ഥാപകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല