സ്വന്തം ലേഖകന്‍: ആറു വയസുള്ളപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് തുറന്നു പറഞ്ഞ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയ ചിത്രമായ ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’യുടെ പ്രചരണ പരിപാടിയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ആറ് വയസ് പ്രായമുണ്ടായിരുന്നപ്പോഴാണ് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കുണ്ടായ അനുഭവം നിങ്ങളോട് തുറന്നു പറയുന്നു എന്ന ആമുഖത്തോടെയായിരുന്നു അക്ഷയ് കുട്ടിക്കാലത്തെ സംഭവം വിവരിച്ചത്. അന്ന് തനിക്ക് വളരെ ചെറിയ പ്രായമായിരുന്നു. മറ്റു കുട്ടികളെ പോലെ താനും അയല്‍പക്കത്തുള്ള വീടുകളില്‍ കളിക്കാന്‍ പോയിരുന്നു. ഒരിക്കല്‍ കളിക്കാന്‍ പോകുന്ന വഴി ഒരാള്‍ തനിക്ക് ലിഫ്റ്റ് തന്നു. അയാള്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ മോശമായി സ്പര്‍ശിച്ചു. എന്നാല്‍ അത്തരത്തിലൊരു അനുഭവം താന്‍ മറച്ചുവെച്ചില്ല.
വീട്ടിലെത്തിയ ഉടന്‍ മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു. അവര്‍ തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. അയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. വൈകാതെ മറ്റൊരു കേസില്‍ അയാള്‍ പൊലീസിന്റെ പിടിയിലായി. അതയാളുടെ സ്ഥിരം പരിപാടിയായിരുന്നുവെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കുട്ടികള്‍ മാതാപിതാക്കളോട് തുറന്നു സംസാരിക്കേണ്ടതുണ്ട്. അതിനുള്ള ധൈര്യം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കണം.പ്രതികളെ ഉടന്‍ പിടികൂടാന്‍ അത് ഉപകരിക്കുമെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല