സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, മോദിയാകാന്‍ അക്ഷയ് കുമാര്‍. അക്ഷയ് കുമാറിനൊപ്പം താരങ്ങളായ പരേഷ് അഗര്‍വാള്‍, അനുപേം ഖേര്‍, വിക്ടര്‍ ബാനര്‍ജി, എന്നിവരും ചിത്രവുമായി സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ചിത്രത്തെ പറ്റി ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
അക്ഷയ് കുമാര്‍ ഇന്ത്യയുടെ മിസ്റ്റര്‍ ക്ലീന്‍ ആണ്. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ അദ്ദേഹം തന്നെയായിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ വാര്‍ത്തയോട് പ്രതികരിച്ചിരുന്നു. അക്ഷയ് കുമാറിനെക്കാള്‍ മികച്ച രീതിയില്‍ നരേന്ദ്രമോദിയെ അവതരിപ്പിക്കാന്‍ മറ്റൊരു താരത്തിനും കഴിയില്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ലജ് നിഹ്‌ലാനിയുടെ പ്രതികരണം.
റസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ് കുമാറിനായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയം ശൗചാലയമാണ്. ചിത്രത്തിന്റെ ട്രൈലറിനെ പ്രശംസിച്ച് നരേന്ദ്രമോദിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സ്വച്ഛ് ഭാരത് പ്രചരണത്തിനുള്ള മികച്ച തുടക്കമാണിതെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. ടോയ്‌ലറ്റ് ഏക് പ്രേം കഥ ആഗസ്റ്റില്‍ തിയ്യറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല