സ്വന്തം ലേഖകന്‍: 19 മത്തെ വയസില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയ ഇന്ത്യകാരന്‍ അക്ഷയ് രൂപറേലിയയുടെ ആവേശമുണര്‍ത്തുന്ന ജീവിതം. 16 മാസങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് സംരംഭമായ ‘ഡോര്‍സ്റ്റെപ്‌സ് ഡോട് കോ ഡോട് യുകെ’ യാണ് . ബ്രിട്ടനിലെ യുവകോടീശ്വരന്മാരില്‍ ഒരാളാക്കി അക്ഷയ്‌യെ മാറ്റിയത്. യുകെയിലെ വന്‍കിട റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളില്‍ ഇന്ന് 18 ആം സ്ഥാനത്താണ് അക്ഷയ്‌യുടെ സംരഭം. ഒരു വര്‍ഷത്തിനിടെ 12 മില്യന്‍ പൗണ്ടിന്റെ (ഏകദേശം 103.3 കോടി രൂപ) വളര്‍ച്ച!
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് റെയ്‌നര്‍ സ്ഥാപകന്‍ മിഷേല്‍ ഒ ലിയറിയുടെ ബയോഗ്രഫി വായിച്ചതില്‍നിന്നാണ് സ്വന്തമായി ഒരു സംരംഭം എന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്ന് അക്ഷയ് പറയുന്നു. ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് വിശ്വസിക്കാനാവാത്ത വിലക്കുറവിലും അവര്‍ പ്രതീക്ഷിച്ചതിനെക്കാളും മികച്ച ഉല്‍പ്പന്നവും നല്‍കാന്‍ കഴിഞ്ഞാല്‍ നിങ്ങളെ തേടി ഉപഭോക്താക്കള്‍ എത്തുമെന്നും നിങ്ങളുടെ ബിസിനസ് വളരുമെന്നുമാണ് ലിയേറിയുടെ കാഴ്ചപ്പാട്. ഇതാണ് താനും ബിസിനസില്‍ നടപ്പിലാക്കിയതെന്ന് അക്ഷയ് ഡെയ്‌ലി മിററിനോട് പറഞ്ഞു.
ലിയറിയുടെ വാക്കുകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഓണ്‍ലൈനായി വസ്തു ഇടപാടുകള്‍ നടത്തുന്നതിന് ഒരു വെബ്‌സൈറ്റ് തുടങ്ങി. ബന്ധുക്കളില്‍നിന്നും കടം വാങ്ങിയും വായ്പയെടുത്തും വെബ്‌സൈറ്റ് തുടങ്ങി. ആദ്യ കാലങ്ങളില്‍ ഉപഭോക്താക്കളുടെ കോളുകള്‍ അറ്റന്റ് ചെയ്യാനായി കോള്‍ സെന്റര്‍ വാടകയ്ക്ക് എടുത്തു. ക്ലാസില്‍ ആയിരിക്കുന്ന സമയത്ത് വരുന്ന കോളുകള്‍ക്ക് തിരിച്ച് വീട്ടിലെത്തി കഴിഞ്ഞശേഷം മറുപടി നല്‍കും.
ഒരു ദിവസം സുസെക്‌സില്‍ താമസിക്കുന്ന ഒരു വ്യക്തി അയാളുടെ വീടും അതിനോട് ചേര്‍ന്നുളള വസ്തുവും വില്‍പന നടത്തി തരുമോയെന്നു ചോദിച്ചു. ഞാന്‍ എന്റെ സഹോദരിയുടെ ബോയ്ഫ്രണ്ടിനെയും കൂട്ടി സുസെക്‌സിലുളള അയാളുടെ വീടിന്റെ ഫോട്ടോയെടുക്കാന്‍ പോയി. എന്നെ അവിടെവരെ കാറില്‍ കൊണ്ടുപോകുന്നതിന് അവനു ഞാന്‍ 40 പൗണ്ട് നല്‍കി. കാരണം അപ്പോള്‍ ഞാന്‍ ഡ്രൈവിങ് ടെസ്റ്റ് ജയിക്കുകയോ എനിക്ക് സ്വന്തമായി കാറോ ഉണ്ടായിരുന്നില്ല. അഞ്ചു ബെഡ് റൂമും സ്വിമ്മിങ് പൂളും ഉളള വലിയ വീടായിരുന്നു അത്. മൂന്നാഴ്ചയ്ക്കുളളില്‍ ഞാന്‍ വീടും സ്ഥലവും വിറ്റു നല്‍കി.
സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് എന്റെ മൊബൈലിലേക്ക് വസ്തു കച്ചവടം നടത്തിക്കൊടുത്ത ഉടമയുടെ ഇമെയില്‍ വന്നത്. ഞാനൊരു സ്റ്റാറാണെന്ന് അയാള്‍ അതില്‍ എഴുതിയിരുന്നു. അത് വായിച്ചപ്പോള്‍ ഞാന്‍ ശരിക്കും ത്രില്ലടിച്ചു. എനിക്ക് സ്വയം അഭിമാനം തോന്നി. ഞാന്‍ ഒരു വീട് കച്ചവടം ചെയ്തിരിക്കുന്നു. എനിക്ക് പുറത്ത് പോയി അത് ആഘോഷിക്കണം എന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് വീട്ടില്‍ പോകണം. കാരണം പരീക്ഷയുടെ സമയമാണ്. അതിനുവേണ്ടി പഠിക്കണം. ഞാന്‍ ഒരു പിസ വാങ്ങിച്ചു ആഘോഷിച്ചു.
കോട്ടും സൂട്ടും ധരിച്ച് കാറില്‍ എത്തുന്ന ഏജന്റുകള്‍ വെറും വാക്കുകള്‍ പറയുന്നതല്ലാതെ വീടുകള്‍ കച്ചവടം ചെയ്യുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി. മാത്രമല്ല അവര്‍ വസ്തു ഉടമകളില്‍നിന്നും വലിയ തുക ഫീസായി ഈടാക്കുന്നുവെന്നും ഞാന്‍ മനസ്സിലാക്കി. സാധാരണ ഓണ്‍ലൈന്‍ ഏജന്റുകളില്‍നിന്നും വ്യത്യസ്തമായി ഞാന്‍ വെബ്‌സൈറ്റില്‍ വീടുകളുടെയും വസ്തുക്കളുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യക്കാരെ പ്രോല്‍സാഹിപ്പിച്ചു. കൂടാതെ വസ്തു കച്ചവടം ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്ന് ആവശ്യപ്പെട്ടു. അത് ബിസിനസിന്റെ വളര്‍ച്ചയെ കൂടുതല്‍ സഹായിച്ചു. വസ്തു വില്‍പന നടത്തേണ്ടതിന്റെ ആവശ്യം എന്താണെന്നും അവര്‍ പ്രതീക്ഷിക്കുന്ന വിലയും സത്യസന്ധമായി പറഞ്ഞാല്‍ കച്ചവടം കൂടുതല്‍ സുഗമമാകും.
വീടുകള്‍ പെട്ടെന്ന് വില്‍പന നടന്നതോടെ കൂടുതല്‍ ആവശ്യക്കാര്‍ അക്ഷയ്‌യെ തേടിയെത്തി. ഇതിനോടകം 100 മില്യന്‍ പൗണ്ട് വിലവരുന്ന വസ്തുക്കള്‍ അക്ഷയ് കച്ചവടം ചെയ്തു കഴിഞ്ഞു. മാത്രമല്ല 12 ജീവനക്കാര്‍ അക്ഷയ്‌യുടെ കീഴില്‍ ജോലി ചെയ്യുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് ആന്റ് മാത്തമാറ്റിക്‌സില്‍ പഠിക്കാന്‍ അക്ഷയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ ബിസിനസ് കുറച്ചു കൂടി വളര്‍ത്താനായി അക്ഷയ് ഈ അവസരം തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്.
അക്ഷയ്‌യുടെ മാതാപിതാക്കള്‍ ബധിരരാണ്. തന്റെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ അഭിമാനം കൊളളുന്നതായി അക്ഷയ് പറഞ്ഞു. ബ്രിട്ടനിലെ യുവ കോടീശ്വരന്മാരില്‍ ഒരാളായി മാറിയെങ്കിലും അക്ഷയ് ഇതുവരെ ഒരു കാര്‍ സ്വന്തമാക്കിയിട്ടില്ല. തനിക്ക് ഇപ്പോഴാണ് ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതെന്നും ഉടന്‍ തന്നെ ഒരു കാര്‍ സ്വന്തമാക്കുമെന്നാണ് അക്ഷയ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല