സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷനായ മെട്രാഷ് 2 വിലെ അല്‍ അദീദ് സേവനത്തിലൂടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാം. പൊതു ധാര്‍മികത, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ലംഘനങ്ങള്‍, ഭരണപരമായ അഴിമതി, ഭീഷണിപ്പെടുത്തല്‍, നിഷേധാത്മകമായ പ്രവണതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മെട്രാഷിലെ അല്‍ അദീദ് സേവനത്തിലൂടെ അധികൃതര്‍ക്ക് പരാതി നല്‍കാം.
സ്വദേശികള്‍ക്കും പ്രവാസി താമസക്കാര്‍ക്കുമായാണ് പുതിയ സേവനം. പരാതിക്കാരന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തികച്ചും രഹസ്യമായി തന്നെ റിപ്പോര്‍ട്ട് സൂക്ഷിക്കും. ആപ്പിലെ അല്‍ അദീദ് സേവനത്തില്‍ പരാതിക്കാരന് തന്റെ അഭിപ്രായങ്ങളും പരാതിയുടെ വിശദാംശങ്ങള്‍ ചേര്‍ക്കാനും ആവശ്യമെങ്കില്‍ പരാതി സംബന്ധിച്ച ചിത്രം പങ്കുവെയ്ക്കുകയും ചെയ്യാം.
മെട്രാഷ് 2 വില്‍ കമ്യൂണിക്കേറ്റ് വിത്ത് അസ് എന്ന ലിങ്കിന് താഴെയുള്ള പ്രിവന്റീവ് സെക്യൂരിറ്റി ഓപ്ഷന് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അല്‍ അദീദ് സേവനം ലഭ്യമാകും. പൊതു സുരക്ഷ കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം അധികൃതര്‍ ഓര്‍മപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല