സ്വന്തം ലേഖകൻ: യുഎഇയിലെ അൽഐനിൽനിന്ന് ബുറൈമിലേക്ക് ബസ് സർവിസ് ആരംഭിക്കുന്നു. ഇതിനായി അബൂദബിയിലെ യാത്രാഗതാഗത സേവനക്കമ്പനിയായ ക്യാപിറ്റൽ എക്സ്പ്രസുമായി ഒമാൻ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം, അബൂദബി എമിറേറ്റിലെ അൽ ഐനിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്നും സുൽത്താനേറ്റിലെ ബുറൈമി ബസ് സ്റ്റേഷനിൽനിന്നും ദിവസേന ബസ് ട്രിപ് ആരംഭിക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര ബസ് ഗതാഗത ശൃംഖല വിപുലീകരിക്കാനും ശക്തിപ്പെടുത്താനും അൽ ബുറൈമി വിലായത്തിലെ ബസ് സ്റ്റേഷനെ അൽ ഐൻ നഗരത്തിലെ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കാനുമാണ് ഈ സേവനം ലക്ഷ്യമിടുന്നത്. മസ്കത്തിൽനിന്നുള്ള യാത്രക്കാർക്ക് അബൂദബിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ ഇതേറെ സഹായിക്കും.
അതോടൊപ്പം മറ്റ് റൂട്ടുകളുമായി സംയോജിപ്പിച്ച്, അബൂദബിയിൽനിന്ന് അൽഐനിലൂടെ മസ്കത്തിലേക്കും സലാലയിലേക്കും യാത്ര ചെയ്യുന്നതിനും സർവിസ് യാത്രക്കാർക്ക് സഹായകരമാകും. മുവാസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബിയും ക്യാപിറ്റൽ എക്സ്പ്രസിന്റെ ഡയറക്ടർ ബോർഡ് അംഗം സഈദ് ബിൻ ഖലഫ് അൽ ഖുബൈസിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
അതിനിടെ ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖലയുടെ നിർമാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി കരാർ നടപടികൾക്ക് തുടക്കമായി. ഒമാനിലെ സുഹാർ തുറമുഖവുമായി അബുദാബിയെ ബന്ധിപ്പിക്കുന്ന പാതക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ധാരണയായത്.
ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി കരാർ നടപടികളുടെ ഭാഗമായി ഡിപ്പോ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ടെണ്ടറിന് അപേക്ഷ ക്ഷണിച്ചു. റെയിൽ ചരക്ക് സൗകര്യങ്ങൾ, റെയിൽ പാസഞ്ചർ സ്റ്റേഷനുകൾ, റെയിൽ മെയിന്റനൻസ് ഡിപ്പോകൾ മുതലായവയുടെ നിർമാണത്തിൽ പ്രവർത്തിച്ച കരാറുകാർക്ക് അപേക്ഷിക്കാം.
അബുദാബിയും ഒമാൻ തുറമുഖ നഗരമായ സുഹാറും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലെ യാത്രാസമയം കുത്തനെ കുറയും. ഇത് ചരക്കു ഗതാഗതത്തിന് വളരെയധികം സഹായിക്കുകയും ചെയ്യും. 303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയിനുകളാണ് ഓടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല