സ്വന്തം ലേഖകന്‍: ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനക്കെത്തിയ വിശ്വാസികളെ ഇസ്രയേല്‍ വീണ്ടും തടഞ്ഞു, പള്ളിക്കു ചുറ്റും വന്‍ സൈനിക സന്നാഹം. ജുമുഅ നമസ്‌കാരത്തിന് ആയിരങ്ങള്‍ എത്തിച്ചേരുന്നത് തടയാന്‍ 50 വയസ്സില്‍ കുറഞ്ഞവരെ അഖ്‌സയിലേക്ക് കടത്തിവിടില്ല എന്ന നിബന്ധന സുരക്ഷാ സൈനികര്‍ വീണ്ടും നടപ്പില്‍ വരുത്തുകയായിരുന്നു. ഇത് സംഘര്‍ഷം കൂടുതല്‍ ശക്തമാകാന്‍ കാരണമായി.
വിശ്വാസികളുടെ പ്രവേശനം തടയാന്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത സൈനിക സന്നാഹമാണ് ഇസ്രായേല്‍ അഖ്‌സ പള്ളിക്ക് ചുറ്റും വിന്യസിച്ചിരിക്കുന്നത്. കിഴക്കന്‍ ജറൂസലമിലേക്കുള്ള വഴികള്‍ സൈന്യം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് പള്ളിയിലേക്ക് പ്രവേശിക്കാന്‍ കഴിയാതിരുന്നവര്‍ വഴിയില്‍ നമസ്‌കാരം നിര്‍വഹിച്ചു. മെറ്റല്‍ ഡിറ്റക്ടറുകളും മറ്റും നീക്കിയെങ്കിലും ഇസ്രായേല്‍ മറ്റു നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തയാറായിട്ടില്ല.
നേരത്തെ വെള്ളിയാഴ്ചക്കകം പ്രതിസന്ധി പരിഹരിക്കണമെന്ന് യു.എന്നും ജോര്‍ഡനും ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഗസ്സ അതിര്‍ത്തിയിലുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ ഒരു കൗമാരക്കാരനെ ഇസ്രായേല്‍ വധിച്ചു. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ജറൂസലമില്‍ പ്രതിഷേധിക്കുന്ന പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയവര്‍ക്കു നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല