സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി റിയാദിലെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അൽ ഹിലാൽ ഫുട്ബോൾ ക്ലബ് അവരുടെ ഏറ്റവും പുതിയ കളിക്കാരനായ ബ്രസീലിയൻ സൂപ്പർസ്റ്റാർ നെയ്മാറിനെ അഭിമാനപൂർവ്വം പരിചയപ്പെടുത്തി. കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ആവേശഭരിതരായ 60,000-ത്തിലധികം കാണികൾക്ക് മുമ്പിലേക്ക് നെയ്മാർ പ്രത്യക്ഷപ്പെട്ടതോടെ കാണികൾ ആർപ്പുവിളിച്ച് കരഘോഷം മുഴക്കി.
ശനിയാഴ്ച വൈകീട്ട് 7.15 ന് ആരംഭിച്ച വർണാഭ ചടങ്ങിൽ സൂപ്പർ താരത്തിന് ലഭിച്ചത് ഗംഭീര വരവേൽപ്പാണ്. അൽ ഹിലാൽ ക്ലബിന്റെ ഔദ്യോഗിക നിറമായ നീലയണിഞ്ഞായിരുന്നു സ്വീകരണ ചടങ്ങ്. കൃത്യം 7.30 ന് നെയ്മാർ സ്റ്റേഡിയത്തിലെത്തി. അൽഹിലാൽ ടീമംഗങ്ങളും ക്ലബ് മാനേജ്മെന്റും ഇരുപക്ഷത്തും അണിനിരന്ന് പ്രത്യേകമായി അലങ്കരിച്ച പാതയിലൂടെ നെയ്മാറിനെ സ്റ്റേഡിയത്തിന്റെ നടുവിൽ ഒരുക്കിയ വേദിയിലേക്ക് ആനയിച്ചു.
15 മിനിറ്റ് മാത്രമാണ് നെയ്മാർ വേദിയിൽ ചെലവഴിച്ചത്. ഗാലറിയിലും സ്റ്റേഡിയത്തിലാകെയും ആകെ നീല നിറം. ആരാധകർ മുഴുവൻ നീല ടീഷർട്ട് ധരിച്ചാണ് എത്തിയത്. അൽഹിലാൽ ക്ലബിന്റെ ജഴ്സിയുടെ നിറം സൂചിപ്പിച്ച് ‘നെയ്മാർ ഇനി നീല’ എന്ന് ലേസർ രശ്മികളാൽ ആകാശത്ത് എഴുതിക്കാണിച്ചു. ഒപ്പം അൽഹിലാലിന്റെ ലോഗോയും പേരും തെളിയുകയും ചെയ്തു.
ടീമിന്റെ ഭാഗമാകാനും അൽ ഹിലാൽ നിറങ്ങൾ ധരിക്കാനും സാധിച്ചത് അഭിമാനകരമാണെന്നും ടീമിന്റെ വിജയത്തിനായി അർപ്പണബോധത്തോടെ തന്റെ കഴിവുകൾ പുറത്തെടുക്കുമെന്നും നെയ്മാർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല