അല്‍ ഖ്വയ്ദയിലെ ഉന്നതന്‍ സിറിയയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയുടെ സിറിയന്‍ ഉപ വിഭാഗമായ നുസ്ര ഫ്രണ്ടാണ് തങ്ങളുടെ മിലിട്ടറി കമാണ്ടര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇറാക്കിലും സംഘടനയുടെ പോരാട്ടങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അബു ഹുമാം അല്‍ ഷാമിയാണ് കൊല്ലപ്പെട്ടത്.
സിറിയയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ ഭീകര സംഘടനയുടെ ഉന്നതാധികാര യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അല്‍ ഷാമി. യോഗം പുരോഗമിക്കുന്നതിനിടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ അപ്രതീക്ഷിതമായി അക്രമണം നടത്തുകയായിരുന്നു എന്ന് സംഘടനയുടെ വക്താവ് പറഞ്ഞു.
എന്നാല്‍ വാര്‍ത്ത സഖ്യ കക്ഷികളുടെ വക്താവ് തള്ളിക്കളഞ്ഞു. തങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയില്‍ അക്രമണങ്ങള്‍ ഒന്നുംതന്നെ നടത്തിയില്ലെന്ന് വക്താവ് വ്യക്തമാക്കി.
എന്നാല്‍ ടര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നാണ് അക്രമണം നടന്നതെന്നും നുസ്രയുടെ മൂന്നു മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്. നുസ്രയും സിറിയയിലെ മറ്റ് തീവ്രവാദി ഗ്രൂപ്പുകളും മേഖലയിലെ ആധിപത്യത്തിനായി പരസ്പരം പോരാടുന്നതിനാല്‍, എതിര്‍ ഗ്രൂപ്പുകള്‍ നടത്തിയ അക്രമണത്തിലാണ് അല്‍ ഷാമി കൊല്ലപ്പെട്ടതെന്നും അഭ്യൂഹമുണ്ട്.
അല്‍ ഷാമിയുടെ മരണം നുസ്രക്ക് വന്‍ തിരിച്ചടിയാണെക്കാണ് കരുതപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ എതിര്‍ക്കുന്നതില്‍ നുസ്രയുടെ കുന്തമുനയായിരുന്നു കൊല്ലപ്പെട്ട അല്‍ ഷാമി. ഇതോടെ പരസ്പരം കടിപിടി കൂടുന്ന സിറിയയിലെ തീവ്രവാദ ഗ്രൂപ്പുകളുടെ കുടിപ്പകയിലെ അവസാന രക്തസാക്ഷിയാണ് അല്‍ ഷാമി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല