1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2015

സ്വന്തം ലേഖകന്‍: കെനിയയിലെ മതതീവ്രവാദി സംഘടന അല്‍ ഷബാബിന്റെ ആക്രമണത്തില്‍ നിന്ന് ക്രിസ്ത്യാനികളെ രക്ഷിച്ചത് മുസ്ലീങ്ങള്‍. കെനിയയിലെ മാന്ദെരയില്‍ നടന്ന ഭീകരാക്രമണത്തിലാണ് തങ്ങള്‍ക്കൊപ്പമുള്ള മറ്റ് മതവിഭാഗക്കാരെ കൊല്ലണമെങ്കില്‍ ആദ്യം തങ്ങളെ കൊല്ലണമെന്ന് മുസ്ലിങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. ഇതോടെ തീവ്രവാദികള്‍ ഗത്യന്തരമില്ലാതെ പിന്തിരിയേണ്ടിവന്നു. നിറയെ യാത്രക്കാരുണ്ടായിരുന്ന ഒരു ബസിനു നേരെയായിരുന്നു ആക്രമണം.

ബസില്‍ മുസ്ലിങ്ങളെക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികളാണ് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍നിന്നും പാപ്പാ സിറ്റിയിലേക്ക് 60 യാത്രക്കാരുമായി പുറപ്പെട്ടതായിരുന്നു ബസ്. ബസിന്റെ ചില്ലിന് നേരെ തീവ്രവാദികള്‍ നിറയൊഴിച്ചതോടെ ബസ് നിര്‍ത്തേണ്ടിവന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വാഹനം നിന്നയുടന്‍ തീവ്രവാദികള്‍ ബസിലേക്ക് ഇരച്ചുകയറി. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് തോക്കുധാരി 28 അനിസ്ലാമികളെ വെടിവെച്ചുകൊന്നിരുന്നു. മുസ്ലിങ്ങളെ മാറ്റിനിര്‍ത്തിയാണ് ആക്രമികള്‍ മറ്റുള്ളവരെ വകവരുത്തിയത്. അതിനാല്‍ തീവ്രവാദികള്‍ അടുത്തെത്തുംമുമ്പ് വാഹനത്തിലുണ്ടായിരുന്ന മുസ്ലിങ്ങള്‍ മതാചാരപ്രകാരം ധരിച്ചിരുന്ന സ്‌കാര്‍ഫ് മറ്റ് മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു.

ബസില്‍ കടന്ന തീവ്രവാദികള്‍ യാത്രക്കാരോട് ഇസ്ലാമികള്‍, അനിസ്ലാമികള്‍ എന്നിങ്ങനെ വേര്‍തിരിഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ എല്ലാവരും മനുഷ്യരാണെന്ന് വാദിച്ച മുസ്ലിം സഹോദരങ്ങള്‍ തങ്ങള്‍ ജീവനോടെയിരിക്കെ മറ്റുള്ളവരെ വധിക്കാന്‍ അനുവദിക്കില്ലെന്ന് ശഠിച്ചു. ഇതോടെ തീവ്രവാദികള്‍ ആശയക്കുഴപ്പത്തിലായി. ഇതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാള്‍ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഒരു ട്രക്ക് നിറച്ച് പോലീസുകാര്‍ തങ്ങളെ പിന്തുടരുന്നുണ്ടെന്ന യാത്രക്കാരില്‍ ഒരാളുടെ വെളിപ്പെടുത്തലാണ് സംഭവത്തില്‍ നിര്‍ണായകമായത്. സഹയാത്രികരെ ബലിയാടാക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ മുസ്ലിങ്ങള്‍ ഉറച്ചുനിന്നതോടെ തീവ്രവാദികള്‍ ബസിന് പോകാനുള്ള അനുമതി നല്‍കി. അല്‍ഖൊയ്ദയുടെ പോഷക സംഘടനയായ അല്‍ഷബാബിലെ അംഗങ്ങളാണ് ബസ് തടഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.