സ്വന്തം ലേഖകന്‍: ആലപ്പുഴയില്‍ കടല്‍ കരയിലേക്ക്, നാനൂറോളം വീടുകള്‍ വെള്ളത്തിലായി. ആലപ്പുഴ പുറക്കാട് പ്രദേശത്താണ് നാനൂറോളം വീടുകള്‍ മുങ്ങിയത്. തീരദേശ റോഡിലും വെള്ളം നിറഞ്ഞു. അതേസമയം പുന്നപ്രയില്‍ കടല്‍ 250 മീറ്ററോളം ഉള്‍വലിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
രണ്ടു ദിവസം മുമ്പാണ് കടലിന് ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് പരിസരവാസികള്‍ പറയുന്നു. ഒന്നാം തിയതി പുലര്‍ച്ചയോടെ കടല്‍ കരയിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് കടലിനോട് ചേര്‍ന്നുള്ള വീടുകള്‍ വെള്ളത്തിലായി. പുറക്കാടാണ് കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയത്. ഒന്ന് ആറ് ഏഴ് തുടങ്ങിയ വാര്‍ഡുകളിലായി നാനൂറോളം വീടുകള്‍ വെള്ളത്തിലായി.
തിര കരയിലേയ്ക്ക് കയറിയപ്പോള്‍ ആദ്യം തീരവാസികള്‍ ഭയന്നു. പിന്നെ വീട്ടുസാധനങ്ങള്‍ മാറ്റിത്തുടങ്ങി. തുടര്‍ന്ന് റവന്യു അധികൃതര്‍ സ്ഥലത്തെത്തി. മൂന്നിടത്ത് പൊഴി മുറിച്ച് വെള്ളം ഒഴുക്കികളയാനായിരുന്നു ശ്രമം. പുറക്കാട് സ്വദേശി വോണുവിന്റെ വീട് വെള്ളം കയറി പൂര്‍ണ്ണമായും തകര്‍ന്നു. നിരവധി വീടുകള്‍ക്ക് ഭാഗിക നാശവും ഉണ്ടായി.
കരൂര്‍ സ്‌കൂളില്‍ താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. പുറക്കാട് തിര കരയില്‍കയറിയ അതേസമയംതന്നെ പുന്നപ്രയില്‍ മുന്നൂറുമീറ്ററോളം നീളത്തില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇതോടെ മല്‍സ്യബന്ധനബോട്ടുകള്‍ ചെളിയില്‍ പുതഞ്ഞു. മണിക്കൂറുകള്‍ക്കു ശേഷമാണ് കടല്‍ പഴയ പടിയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല