സ്വന്തം ലേഖകന്‍: അലാസ്‌കയെ പിടിച്ചു കുലുക്കി ഭൂകമ്പം; വന്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്; സുനാമി മുന്നറിയിപ്പ് നല്‍കിയതിനു ശേഷം പിന്‍വലിച്ചു. അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
പസഫിക്കില്‍ മുഴുവനായി ശക്തമായ തിരമാലയ്ക്കു സാധ്യതയില്ലെന്നും ഹവായ് ദ്വീപുകള്‍ക്കു ഭീഷണിയില്ലെന്നും പസഫിക് സുനാമി വാണിംഗ് സെന്റര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നു വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. എന്നാല്‍ ആര്‍ക്കും കാര്യമായ പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ എട്ടരയോടെയായിരുന്നു അലാസ്‌കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജില്‍ ഉള്‍പ്പെടെ ഭൂചലനമുണ്ടായത്. ആദ്യ ഭൂചലനത്തിനു ശേഷം തുടര്‍ പ്രകമ്പനങ്ങളുണ്ടായതാണ് നാശനഷ്ടങ്ങളുടെ ആക്കം കൂട്ടിയത്. ഏകദേശം 40 തുടര്‍ പ്രകമ്പനങ്ങളുണ്ടായി. ഇതില്‍ പത്തെണ്ണത്തിനു തീവ്രത നാലിനു മുകളിലായിരുന്നു. മൂന്നെണ്ണത്തിനു തീവ്രത അഞ്ചിനു മുകളിലും.
ഭൂകമ്പത്തെത്തുടര്‍ന്ന് കുക്ക് ഇന്‍ലെറ്റിലും കിഴക്കന്‍ കീനായ് പെനിന്‍സുലയിലും സൂനാമി മുന്നറിയിപ്പു നല്‍കിയത് പിന്നീട് പിന്‍വലിച്ചു. ഹവായ് ദ്വീപുകള്‍ ഉള്‍പ്പെടെ സുരക്ഷിതമാണെന്നും യുഎസ് അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് അലാസ്‌കയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ‘വന്‍’ ഭൂകമ്പമാണ് അലാസ്‌കയെ വിറപ്പിച്ചതെന്നും വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല