1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2018

സ്വന്തം ലേഖകന്‍: സച്ചിന്റെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണിയായി ഇനി കുക്കില്ല; വിരമിക്കല്‍ പ്രഖ്യാപനവുമായി ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം അലിസ്റ്റര്‍ കുക്ക്. ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്‌റ്റോടെയാണ് കുക്ക് പാഡഴിക്കുന്നത്. നിലവില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങളില്‍ 10,000 റണ്‍സ് കടന്ന ഒരേയൊരു കളിക്കാരനാണ് കുക്ക്. സച്ചിന്റേത് ഉള്‍പ്പെടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒട്ടേറെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന താരമാണ് കുക്ക്.

എന്നാല്‍ തുടര്‍ച്ചയായി ഫോം നിലനിര്‍ത്താന്‍ ആകാത്തത് കുക്കിന് തിരിച്ചടിയായി. നിലവില്‍ ക്രിക്കറ്റിലുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന വിശേഷണം വിരാട് കോലിക്കൊപ്പം സജീവമായി നിലനിര്‍ത്തിയ താരമാണ് അലിസ്റ്റര്‍ കുക്ക്. ക്യാപ്റ്റനായും മികച്ച ബാറ്റ്‌സ്മാനായും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാകാന്‍ കുക്കിന് കഴിഞ്ഞു.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയത് കുക്കാണ്. 12,254 റണ്‍സാണ് സമ്പാദ്യം. ഇംഗ്ലണ്ടിനായി 32 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയതും റെക്കോര്‍ഡാണ്. രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ തവണ 150 റണ്‍സിലേറെ സ്‌കോര്‍ ചെയ്തതും മറ്റാരുമല്ല11 തവണ. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതും മറ്റാരുമല്ല. 160 കളികളിലാണ് അദ്ദേഹം സ്വന്തം രാജ്യത്തിനായി ജഴ്‌സിയണിഞ്ഞത്. ഇതില്‍ 158 മത്സരങ്ങളും തുടര്‍ച്ചയായിട്ടാണ് കളിച്ചത്. അത് മറ്റൊരു റെക്കോര്‍ഡ്. ഇംഗ്ലണ്ടിനായി 173 ക്യാച്ചുകളെടുത്ത് അതും റെക്കോര്‍ഡാക്കി മാറ്റി അദ്ദേഹം.

59 ടെസ്റ്റുകളിലാണ് ക്യാപ്റ്റനായത്. ഇത് ഒരു രാജ്യാന്തര റെക്കോര്‍ഡാണ്. ഇതുതന്നെ അദ്ദേഹത്തിന്റെ കരിയറിലെ വിജയം സൂചിപ്പിക്കുന്നു. 24 വര്‍ഷത്തിന് ശേഷം ആസ്‌ട്രേലിയയില്‍വച്ച് ഇംഗ്ലണ്ടിന് ആഷസ് സമ്മാനിച്ചതും കുക്ക് എന്ന ക്യാപ്റ്റനാണ്. ഇന്ത്യയില്‍ 27 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ എന്നതരത്തിലുള്ള ചെറു റെക്കോര്‍ഡുകള്‍ നിരവധി. ഇനി തനിക്ക് ഒന്നും രാജ്യത്തിനായി നല്‍കാന്‍ അവശേഷിക്കുന്നില്ല എന്നും പറഞ്ഞായിരുന്നു കുക്ക് വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയത്.

12,400 റണ്‍സോടെ കുമാര്‍ സംഗക്കാരയും 13,288 റണ്‍സോടെ രാഹുല്‍ ദ്രാവിഡും 13,289 റണ്‍സോടെ ജാക്വസ് കാലിസും 13,378 റണ്‍സോടെ റിക്കി പോണ്ടിംഗും ഏറ്റവും മുകളില്‍ 15,921 റണ്‍സോടെ സച്ചിന്‍ ടെണ്ടുല്‍കറും കുക്കിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. മൂന്ന് വര്‍ഷം കൂടി കുക്കിന് ഇതേ ഫോമില്‍ തുടരാനായാല്‍ ഈ റെക്കോര്‍ഡുകളെല്ലാം കുക്ക് മറികടക്കും എന്നാണ് കരുതപ്പെട്ടിരുന്നത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.