സ്വന്തം ലേഖകൻ: യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ കായലിൽ മലയാളി യുവാവിനെ കാണാതായി. ആനച്ചാൽ അമ്പലത്തിനു സമീപം താമസിക്കുന്ന അറയ്ക്കൽ ഷിന്റോയുടെയും റീനയുടെയും മകൻ ആൽബിനെയാണു (19) കാണാതായത്. പ്ലസ്ടുവിനുശേഷം ലാത്വിയയിൽ പഠിക്കുകയായിരുന്നു ആൽബിൻ. 5 മാസങ്ങൾക്കു മുൻപാണ് ആൽബിൻ യൂറോപ്പിലേക്കു പോയത്.
വ്യാഴാഴ്ച അർധരാത്രിയോടെയാണു ലാത്വിയയിലുള്ള സുഹൃത്തുക്കൾ ആനച്ചാലിലെ വീട്ടിലേക്ക് അപകടവിവരം അറിയിച്ചത്. നാല് സുഹൃത്തുക്കൾക്കൊപ്പം കായലിൽ കുളിക്കുന്നതിനിടയിൽ ആൽബിൻ മുങ്ങിപ്പോകുകയായിരുന്നു. മറ്റു നാലുപേരും രക്ഷപ്പെട്ടു. ആൽബിനെ കണ്ടെത്താനായിട്ടില്ല.
സംഭവം നടന്നയുടനെ ആല്‍ബിനുവേണ്ടിയുള്ള തിരച്ചില്‍ സുഹൃത്തുക്കളും അധികൃതരും ആരംഭിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. തിരച്ചില്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിയ്ക്കുകയാണന്നാണ് വിവരം. തിരച്ചില്‍ നിര്‍ത്തിയതിന്റെ കാരണം വ്യക്തമല്ല.
ആല്‍ബിന്റെ വിഷയത്തില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഇടപെട്ടിട്ടുണ്ട്. വിഷയം കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെയും, ലാത്വിയ /സ്വീഡന്‍ ഇന്ത്യന്‍ അംബാസഡർമാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സംഭവമുണ്ടായപ്പോള്‍ കൂടയുണ്ടായിരുന്ന സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിട്ടുണ്ട്. ആല്‍ബിന്റെ അമ്മ വെള്ളത്തൂവല്‍ അടുത്ത് എല്ലക്കല്‍ എല്‍പി സ്കൂള്‍ ടീച്ചറാണ്. ഒരു സഹോദരിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല