സ്വന്തം ലേഖകന്‍: മദ്യപിക്കാനുള്ള അവകാശം മൗലിക അവകാശമല്ലെന്ന് കേരള ഹൈക്കോടതി, ജീവിക്കാനുള്ള അടിസ്ഥാനാവശ്യങ്ങളാണ് ഭരണഘടന ഉറപ്പാക്കുന്നത്; മദ്യപിക്കാനുള്ള അവകാശമല്ല. മദ്യവില്പനശാലകളുടെ എണ്ണം കുറയ്ക്കുന്നതുള്‍പ്പെടെ മദ്യനയത്തെ ചോദ്യംചെയ്യുന്ന അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
വ്യക്തിയുടെ അവകാശമായ സ്വകാര്യത, സമൂഹത്തിന്റെ ക്ഷേമം എന്ന കൂട്ടായ അവകാശത്തേക്കാള്‍ വലുതല്ല. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന് കോടതികള്‍ വിപുലമായ വ്യാഖ്യാനം നല്‍കിയിട്ടുണ്ടാകാം. എന്നാല്‍, മദ്യപാന അവകാശം സ്വകാര്യതയ്ക്കുള്ള അവകാശത്തില്‍ വരുമെങ്കില്‍ അതിന് ന്യായമായ നിയന്ത്രണം സാധ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മദ്യനിയന്ത്രണത്തെ ചോദ്യംചെയ്ത് പെരുമ്പാവൂര്‍ സ്വദേശി എം.എസ്. അനൂപാണ് കോടതിയെ സമീപിച്ചത്. റബര്‍ ടാപ്പിങ് ജോലി കഴിഞ്ഞു മദ്യപിക്കുന്ന ശീലമുണ്ടെന്നും സര്‍ക്കാരിന്റെ മദ്യനയം ഫലത്തില്‍ മദ്യനിരോധനമാണെന്നും അപ്പീലില്‍ ബോധിപ്പിച്ചു. മദ്യ ഉപയോഗത്തില്‍ ന്യായമായ നിയന്ത്രണം സാധ്യമാണെന്നും ഭരണഘടനയനുസരിച്ചു സംസ്ഥാനങ്ങള്‍ക്ക് ഇതിന് അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
വില്‍പ്പനശാലകളുടെ എണ്ണം കുറച്ചതുള്‍പ്പെടെയുള്ള നടപടി റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. ജനം എന്തു കഴിക്കണമെന്നും കുടിക്കണമെന്നും നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. വില്‍പ്പനശാലകളുടെ എണ്ണം കുറച്ച് മദ്യോപയോഗം നിയന്ത്രിക്കുമ്പോള്‍ സര്‍ക്കാരിന്റെ വരുമാനം കുറയുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, മദ്യംമൂലമുള്ള സാമൂഹികവിപത്ത് തടയലാണ് അതില്‍നിന്നുള്ള വരുമാനത്തേക്കാള്‍ പ്രധാനമെന്ന നിഗമനത്തിലാകാം സര്‍ക്കാരിന്റെ നടപടിയെന്ന് കോടതി അഭിപ്രായപ്പെട്ടു. മദ്യോപയോഗം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെയാണ് ഭരണഘടന ചുമതലപ്പെടുത്തുന്നത്. അതിനാല്‍ ഇക്കാര്യത്തിലെ നയതീരുമാനം സര്‍ക്കാരിന്റെ അധികാരപരിധിയില്‍വരും. മദ്യനയം സുപ്രീംകോടതി ശരിവെച്ചതാണ്.
ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്ക് അനുസരിച്ച് 57–69% കുറ്റകൃത്യങ്ങളിലും മദ്യത്തിന്റെ സ്വാധീനമുണ്ട്. ആശുപത്രിയില്‍ കിടത്തി ചികില്‍സിക്കുന്നതില്‍ 19–27% പേരുടെയും രോഗാവസ്ഥയ്ക്കു കാരണം മദ്യപാനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല