സ്വന്തം ലേഖകൻ: കേരളത്തിലെ ഐ.ടി പാർക്കുകളിൽ മദ്യം വിൽക്കാനുള്ള നീക്കത്തിന് സർക്കാരിന്റെ പച്ചക്കൊടി. ഇത് സംബന്ധിച്ച മദ്യനയ ഭേദഗതിക്ക് നിയമസഭാ സമിതിയാണ് അംഗീകാരം നൽകിയിരിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും അത് തള്ളിക്കൊണ്ടാണ് നിയമസഭാ സമിതിയുടെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നീങ്ങിയ ശേഷമാകും ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുക.
നിലവിലെ ഭേദഗതി ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ ബാറുടമകൾക്കും അവസരം ലഭിക്കുന്ന തരത്തിലാണെന്നാണ് വിവരം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ മദ്യം വിൽക്കുന്ന കാര്യത്തിൽ നടപരമായ തീരുമാനത്തിലെത്തിയിരുന്നു. തുടർന്ന് തുടർ നീക്കങ്ങളുണ്ടായില്ലെങ്കിലും വീണ്ടും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് എക്സൈസ് മന്ത്രി ചട്ടഭേദഗതി നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു. ഈ ഭേദഗതിക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. അതേ സമയം പുതിയ നയത്തെ നിയമസഭയിൽ എതിർക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
മദ്യവില്പനയുടെ ചുമതല ഐടി പാർക്ക് അധികൃതർക്ക് മാത്രം നൽകണമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ആദ്യ ശുപാർശ. പക്ഷെ നിയമസഭാ സബ് ജക്ട് കമ്മിറ്റി പാർക്കിന്‍റെ നടത്തിപ്പുക്കാരായ പ്രൊമോട്ടർമാർക്കാണ് ലൈസൻസ് അനുവദിക്കുകയെന്ന ഭേദഗതിക്കാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. ഈ പ്രമോട്ടർമാർക്ക് മദ്യ വിൽപ്പനയുടെ ചുമതല പുറത്തേക്ക് നൽകാം എന്നുള്ള നയമാണ് ബാറുടമകൾക്കും ഐ.ടി പാർക്കിലെ മദ്യ വിൽപ്പനയിലേക്കെത്താം എന്ന സ്ഥിതിയുണ്ടാക്കുക.
ഭേദഗതിക്ക് നിയമസഭാ സമിതിയുടെ അംഗീകാരം കിട്ടിയതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങുന്നതിന് പിന്നാലെ വിജ്ഞാപനം പുറത്തിറങ്ങിയേക്കും. മദ്യ വിൽപ്പനയ്ക്കായുള്ള അപേക്ഷകൾ വരുന്ന മുറക്ക് ലൈസൻസ് അനുവദിക്കാനാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല