1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2017

 

ടോം ശങ്കൂരിക്കല്‍: അകാലത്തില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ അലീഷ രാജീവ് എന്ന കൊച്ചു മിടുക്കിയുടെ ഓര്‍മ്മകളില്‍ നീറി കഴിയുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി സമൂഹം തങ്ങളുടെ വേദനകള്‍ മറച്ച് വെച്ച് അലീഷയുടെ പേരില്‍ ഒരു ചാരിറ്റി നിശ നടത്താനൊരുങ്ങുകയാണ്. അലീഷയുടെ 14 ആം ജന്മദിനമായ ഫെബ്രുവരി 25 ന് ജി എം എ യുടെ ചെല്‍ട്ടന്‍ഹാം യൂണിറ്റ് ആണ് ഈ ചാരിറ്റി നൈറ്റിന് നേതൃത്വം നല്‍കുന്നത്. അലീഷ തന്റെ ജീവിതത്തിലെ ഏറിയ ഭാഗവും ചിലവഴിച്ച തന്റെ പ്രൈമറി സ്‌കൂള്‍ ആയിരുന്ന ചെല്‍റ്റന്‍ഹാമിലെ സെന്റ്. ഗ്രിഗറീസ് കാത്തോലിക് പ്രൈമറി സ്‌കൂളില്‍ വെച്ചാണ് ഈ ചാരിറ്റി നിശക്ക് അരങ്ങു ഒരുങ്ങുന്നത്.

2015 ജൂണ്‍ മാസം 28 ആം തിയതിയാണ് അര്‍ബുദ രോഗത്തിന് കീഴടങ്ങി അലീഷ ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞത് . അലീഷയുടെ വിയോഗത്തില്‍ ഏറെ നീറി കഴിഞ്ഞിരുന്ന അലീഷയുടെ പിതാവ് രാജീവ് ജേക്കബും വെറും ആറു മാസത്തെ ഇടവേളയില്‍ അതേ രോഗത്തിന് കീഴടങ്ങി തന്റെ കുഞ്ഞിന് കൂട്ടായി അവരുടെ ലോകത്തേക്ക് പറന്നകന്നിരുന്നു. തന്റെ മറ്റു രണ്ടു കുട്ടികളെ ‘അമ്മ ബീന രാജീവിന്റെ സുരക്ഷിത കരങ്ങളില്‍ ഏല്പിച്ചാണ് രാജീവ് തന്റെ ഏറ്റവും പ്രീയപ്പെട്ട വാവച്ചിയുടെ അടുത്തേക്കു യാത്രയായത്.

ഗ്ലോസ്റ്റെര്‍ഷെയറിലെ ചെല്‍ട്ടന്‍ഹാം എന്ന സ്ഥലത്തായിരുന്നു അലീഷയും കുടുംബവും താമസിച്ചിരുന്നത്. തന്റെ സുഹൃത്തുക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രതീക്ഷയുടെ വെള്ളി വെളിച്ചം കാണിച്ച് തന്നിരുന്ന അലീഷയുടെ പേരില്‍ ഒരു ചാരിറ്റി നൈറ്റ് ചെയ്യണം എന്ന് ആലോചിച്ചപ്പോള്‍ ജി എം എ ചെല്‍ട്ടന്‍ഹാം യൂണിറ്റിലെ കുട്ടികളാണ് അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ് എന്ന നാമ നിര്‍ദേശം നല്‍കിയതും അലീഷക്ക് വേണ്ടി തങ്ങള്‍ തന്നെ ഈ ചാരിറ്റി നെറ്റിന് നേതൃത്വം നല്‍കും എന്ന് പറഞ്ഞു മുന്നോട്ടു വന്നത്. അതിനു ജി എം എ കുടുംബം ഒന്നടങ്കം പ്രോത്സാഹനം നല്‍കുകയുമായിരുന്നു. തങ്ങള്‍ അലീഷയുടെ കൂടെ കളിച്ചിരുന്ന അതേ ഡാന്‍സുകളും അവള്‍ക്കു ഏറെ ഇഷ്ടമുള്ളതും അലീഷ തന്നെ തന്റെ കുരുന്നു കൂട്ടുകാരെ പഠിപ്പിച്ച ഗാനങ്ങളുമൊക്കെയായി തങ്ങളാലാവാവുന്ന വിധത്തില്‍ എങ്ങനെയും ഈ ചാരിറ്റി നൈറ്റ് ഗംഭീരമാക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ഈ കുട്ടികള്‍. അലീഷക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഒരു വലിയ കാര്യം തന്നെ ആയിരിക്കും എന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു.

ചെല്‍ട്ടന്‍ഹാം മേയര്‍ കൗണ്‍സിലര്‍ ക്രിസ് റൈഡര്‍, അലീഷ പഠിച്ചിരുന്ന സ്‌കൂളുകളിലെ ഹെഡ് ടീച്ചേര്‍സ് എന്നിവര്‍ വിശിഷ്ടാതിഥികളായെത്തുന്ന ഈ ചാരിറ്റി നിശക്ക് യു കെ യിലെ മലയാളി സമൂഹം മാത്രമല്ല തദ്ദേശരീയരായ നിരവധി സുഹൃത്തക്കളും വരുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ചാരിറ്റിയിലൂടെ സ്വരുക്കൂട്ടുന്ന തുക മുഴുവന്‍ ഗുരുതരാവസ്ഥയില്‍ ജീവന് വേണ്ടി മല്ലടിക്കുന്ന കുരുന്നുകളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്ന മെയ്ക് എ വിഷ് എന്ന ചാരിറ്റി സംഘടനക്കാണ് നല്‍കുന്നത്. ഇതിലേക്ക് വേണ്ടി ജി എം എ ചെല്‍ട്ടന്‍ഹാം യൂണിറ്റിലെ കുടുംബാങ്കങ്ങള്‍ തന്നെയാണ് ഭക്ഷണം ഒരുക്കി കൊണ്ട് വരുന്നത്. വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ തരത്തിലുള്ള നൃത്ത നൃത്യങ്ങള്‍ക്കൊപ്പം സ്വാദിഷ്ടമായ ഭക്ഷണങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം റാഫിള്‍ നറുക്കെടുപ്പ് , ലേലം തുടങ്ങിയ ഇതര വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.

ഗ്ലോസ്റ്റെര്‍ഷെയറിനു അകത്തും പുറത്തുമുള്ള ഏവരെയും അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് ചാരിറ്റി നൈറ്റിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ് ജി എം എ. പരിപാടിയില്‍ പങ്കെടുക്കുന്നതിന് യാതൊരു വിധത്തിലുള്ള ഫീസും നല്‍കേണ്ടതില്ല. പ്രവേശനം തികച്ചും സൗജന്യമാണ്. ജി എം എ കുടുംബങ്ങള്‍ ഒരുക്കിയിട്ടുള്ള ഭക്ഷണം മിതമായ വിലക്ക് വാങ്ങി കഴിക്കാവുന്നതാണ്.

ചാരിറ്റി നൈറ്റിനെക്കുറിച്ചുള്ള പ്രൊമോഷന്‍ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=wfJ0WauUCWQ

അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് ചാരിറ്റി നൈറ്റ് നടക്കുന്ന ഹാളിന്റെ അഡ്രസ്:

The Catholic School of St.Gregory the great
St James’ Square
Cheltenham
GL50 3QG
From 4:00pm – 9:00pm

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സിബി ജോസെഫ് (Siby Joseph) – 07538346421
മനോജ് വേണുഗോപാല്‍ (Manoj Venugopal) 07575370404

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.