1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2018

സ്വന്തം ലേഖകന്‍: അലന്‍സിയര്‍ നാലു തവണ ലൊക്കേഷനില്‍ വെച്ച് ലൈംഗികമായി മുതലെടുക്കാന്‍ ശ്രമിച്ചെന്ന് നടി ദിവ്യാ ഗോപിനാഥ്; വെളിപ്പെടുത്തല്‍ ഫേസ്ബുക്ക് ലൈവായി. അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് താനാണെന്ന തുറന്നു പറഞ്ഞ് നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിച്ച് ജോലി ചെയ്യേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും ദിവ്യ നേരത്തെ പേരു പറയാതെ പ്രൊട്ടസ്റ്റിങ് ഇന്ത്യ എന്ന വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്.

ദിവ്യ ഗോപിനാഥിന്റെ വാക്കുകള്‍:

സിനിമാ മേഖലയില്‍ നിന്ന് ലഭിച്ച തിക്തമായ അനുഭവങ്ങളെക്കുറിച്ച് സ്വത്വം വെളിപ്പെടുത്താതെ തുറന്നു പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്തിയ ആളുകളോടാണ് എനിക്ക് പറയാനുള്ളത്. അവള്‍ കടന്നുപോയ ഭീകരമായ വിഷമത്തിനിടയില്‍ നിന്നും തുറന്നു പറയുമ്പോള്‍ പേര് വെളിപ്പെടുത്തിയിരുന്നെങ്കില്‍ നിങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുമോ. ആ പ്രതിസന്ധി അതിജീവിക്കാന്‍ ഏറെ കഷ്ടപ്പാടുകള്‍ അവള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. വീട്ടുകാരുടേയും സഹോദരങ്ങളുടേയും അടുത്ത സുഹൃത്തുക്കളോട് പോലും തുറന്നു പറയാന്‍ കഴിയാത്ത സാഹചര്യം അവള്‍ നേരിട്ടിട്ടുണ്ട്.

അവള്‍ സുഖിച്ചിട്ട് ഇപ്പോള്‍ വെളിപ്പെടുത്തുകയല്ലേ എന്ന് ആക്ഷേപിക്കുന്നവരോട് പറയാനുള്ളത് ഒരു തരത്തിലും വഴങ്ങി നിന്നിട്ടില്ല നിന്നു കൊടുത്തിട്ടില്ല എന്ന ധൈര്യത്തില്‍ തന്നെയാണ് എഴുതിയത്. പിന്നെ എന്തുകൊണ്ട് ഇത്ര കഷ്ടപ്പെട്ട് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് ചോദിക്കുന്നത്. പിജി പഠനം പൂര്‍ത്തിയാക്കിയ ആളാണ് ഞാന്‍ എനിക്ക് ഏറ്റവും അധികം സന്തോഷം നല്‍കുന്ന തൊഴിലാണ് അഭിനയം. അതുകൊണ്ടാണ് അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നത്.

ആഭാസം സിനിമയുടെ സമയത്ത് പെണ്‍കുട്ടികളെ താന്‍ ഉപയോഗിച്ചു എന്ന് അഭിമാനത്തോടെ അയാള്‍ മറ്റ് സിനിമകളുടെ സെറ്റില്‍ പോയി പറഞ്ഞതായി അറിഞ്ഞു. അതില്‍ ഒരാള്‍ വന്നു ആഭാസത്തിന്റെ സംവിധായകന്റെ അടുത്ത് വന്നു പറഞ്ഞു. അലന്‍സിയര്‍ ചേട്ടന്‍ അവിടെ പൊളിച്ചു കുറെ പെണ്‍പിള്ളേരുടെ കൂടെ ആയിരുന്നു എന്നൊക്കെയാണല്ലോ കേട്ടതെന്ന് പറഞ്ഞു. അത് ഞാന്‍ അറിഞ്ഞു. അയാളെ ഞാന്‍ വിളിച്ചു ചീത്ത വിളിക്കുകയും അയാള്‍ പൊട്ടിക്കരഞ്ഞു എന്നോട് പറഞ്ഞു ഞാനെന്റെ ജീവിതത്തില്‍ ആദ്യമായി സിനിമാ സെറ്റില്‍ ചെയ്ത തെറ്റായിരുന്നു അത്. അതിനെക്കുറിച്ച് വിഷമത്തോടെയാണ് ഞാന്‍ എല്ലാവരോടും പറഞ്ഞത്. ഞാന്‍ ഏത് മാനസികാവസ്ഥയിലാണ് അങ്ങനെ പെരുമാറിയതെന്ന് അറിയില്ല. എന്നാല്‍ അത് കേട്ട് മറ്റുള്ളവര്‍ എന്താണ് നിങ്ങളോട് പറഞ്ഞതെന്ന് എനിക്കറിയില്ല. നിങ്ങളെ ഒരു തരത്തിലും അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നൊക്കെ പറഞ്ഞു. അത് വിശ്വസിച്ച ഒരു ആര്‍ട്ടിസ്റ്റ് ആണ് ഞാന്‍. പുള്ളിയുടെ പ്രായത്തെയും അഭിനേതാവിനെയും വിശ്വസിച്ച ആളാണ് ഞാന്‍. അയാളുടെ പ്രായത്തെ ബഹുമാനിച്ചാണ് കൂടുതല്‍ നടപടികളിലേക്ക് കടക്കാതിരുന്നത്. എന്നാല്‍ മറ്റു പല സെറ്റുകളിലും അലന്‍സിയര്‍ പെണ്‍കുട്ടികളോട് ഇങ്ങനെ തന്നെ പെരുമാറുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ശക്തമായി പ്രതികരിച്ചെങ്കിലും അന്ന് താന്‍ നേരിട്ട ആ സംഘര്‍ഷം എന്താണെന്ന് അലന്‍സിയര്‍ മനസിലാക്കാന്‍ വേണ്ടിയാണ് തുറന്ന് എഴുതിയത്. ഞാന്‍ അംഗമല്ലാത്ത താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയാല് അമ്മ എന്റെയൊപ്പം നില്‍ക്കുമെന്ന് ഉറപ്പില്ലായിരുന്നു. അവരുടെ അംഗമായ ഒരു കുട്ടിക്ക് നേരിട്ട പ്രശ്‌നത്തില്‍ അമ്മയുടെ നിലപാട് കൃത്യമായി അറിയുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടാണ് തുറന്നെഴുതിയത്. ഇത് ഡബ്ല്യുസിസിയുടെ പദ്ധതിയാണെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ എനിക്ക് സംഭവിച്ച കാര്യമാണ് എഴുതിയതെന്നും ദിവ്യ ഫെയ്‌സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.