സ്വന്തം ലേഖകന്‍: സംവിധായകന് കമലിനെതിരായ സംഘപരിവാര്‍ ഭീഷണി, ഒറ്റയാള്‍ പോരാട്ടവുമായി നടന് അലര്‍സിയര്‍ തെരുവില്‍. തന്റെ പ്രിയ മാധ്യമമായ നാടകത്തിലൂടെയാണ് ‘ആര്‍ട്ടിസ്റ്റ് ബേബി’ കമലിനോടുള്ള തന്റെ ഐക്യദാര്‍ഡ്യവും സംഘപരിവാറിനോടുള്ള പ്രതിഷേധവും അവതരിപ്പിച്ചത്. കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിനെത്തിയതായിരുന്നു അലന്‍സിയര്‍. ജനിച്ച നാട്ടില്‍ ജീവിക്കാനും പാക്കിസ്ഥാനിലേക്കും ഗുജറാത്തിലേക്കും പുറത്താക്കപ്പെടാതിരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞു.
നേരത്തെ, ദേശീയതയെ അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന് കമല്‍ രാജ്യംവിട്ടു പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞിരുന്നു. കേരളത്തിലെ പ്രാകൃതമായ കൊലപാതകങ്ങള്‍ക്ക് കാരണം ചെഗുവേരയെ ആരാധിക്കുന്നതാണെന്നും രാധാകൃഷ്ണന് ആരോപിച്ചു.
‘വരു, നമുക്ക് പോകാം അമേരിക്കയിലേക്ക്…’ എന്ന് വിളിച്ചുപറഞ്ഞ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില് പ്രത്യക്ഷപ്പെട്ട അലന്‍സിയര്‍ ഒറ്റമുണ്ടുടുത്ത് ഷര്‍ട്ടില്ലാതെ ബസില്‍ കയറി കണ്ടക്ടറോട് അമേരിക്കയിലേക്ക് ഒരു ടിക്കറ്റ് ആവശ്യപ്പെട്ടു. ‘ഇവിടെ ആരും സുരക്ഷിതരല്ല. സുരക്ഷിതരാണെന്നാണ് നമ്മുടെ ധാരണ. അതാണ് അടുത്തകാലത്തായി കേന്ദ്ര ഭരണാധികാരികളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ നല്കുന്ന സൂചന. നമ്മള് നിശബ്ദരായാല്‍ രാജ്യം അപകടാവസ്ഥയിലേക്ക് നീങ്ങുന്ന നാള് വിദൂരമല്ല.’ എന്ന് നടന് വിശദീകരണവും നല്കി.
രാജ്യത്തും സംസ്ഥാനത്തും കലാകാരന്മാര്ക്കും സാധാരണക്കാരനുമെതിരെ രാജ്യസ്നേഹത്തിന്റെ പേരില്‍ നടത്തുന്ന പ്രസ്താവനകളും ആക്രമങ്ങളും വര്‍ദ്ധിക്കുമ്പോള്‍ പലരും നിശബ്ദരാകുന്നു. ഇനി തന്നെ പോലുള്ളവര്‍ക്ക് നിശബ്ദരായിരിക്കാനാവില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു. താന്‍ പണിയെടുത്ത് സമ്പാദിക്കുന്ന പണം എങ്ങനെ ചെലവാക്കണം എന്ന് ഭരണകൂടം തീരുമാനിക്കുന്നത് ഫാസിസത്തിന്റെ ലക്ഷണമാണ്. പേരും ജാതിയും വച്ച് നാടുകടത്താന്‍ ശ്രമിക്കുകയാണ് ഭരണകൂടം. ബ്രിട്ടീഷുകാരുടെ ഏറാംമൂളിയായിരുന്ന ആര്‍എസ്എസുകാരാണ് ഇന്ന് നമ്മെ രാജ്യസ്നേഹം പഠിപ്പിക്കുന്നത്. എല്ലാം സ്വീകരിക്കുന്നതാണ് ഭാരത സംസ്ക്കാരം. അതിനെ കാവിയില്‍ പുതപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല