സ്വന്തം ലേഖകൻ: സിറിയൻ നഗരമായ അലപ്പോയുടെ ഭൂരിഭാഗത്തും വിമതസേന പ്രവേശിച്ചതായും നഗരത്തിൽനിന്നു സർക്കാർ സൈന്യം താൽക്കാലികമായി പിൻവാങ്ങിയെന്നും സിറിയ സ്ഥിരീകരിച്ചു. ഏറ്റുമുട്ടലിൽ ഡസൻകണക്കിന് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. അലപ്പോ നഗരവും ഇദ്ലിബ് പ്രവിശ്യയും വിമതർ പിടിച്ചെന്നാണു തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യുദ്ധഭീതിയിൽ ജനങ്ങൾ കൂട്ടത്തോടെ കാറുകളിൽ നഗരം വിടാൻ തുടങ്ങി.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ പട്ടണങ്ങളും ഗ്രാമങ്ങളും പിടിച്ചുകൊണ്ട്, ഹയാത്ത് തഹ്രീർ അൽ ഷംസ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വിമതസേന കഴിഞ്ഞയാഴ്ചയാണു ആക്രമണം തുടങ്ങിയത്. വെള്ളിയാഴ്ച നഗരത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലൂടെ കാര്യമായ ചെറുത്തുനിൽപില്ലാതെയാണ് വിമതർ മധ്യകാല കോട്ട സ്ഥിതി ചെയ്യുന്ന അലപ്പോ നഗരകേന്ദ്രത്തിലെത്തിയത്.
തുർക്കിയുടെ പിന്തുണയുള്ള വിമതർ അലപ്പോയിൽ പ്രവേശിച്ചെങ്കിലും ആധിപത്യം സ്ഥാപിക്കാനായില്ലെന്നും തിരിച്ചടിക്കായി സൈന്യത്തെ പുനർവിന്യസിച്ചെന്നും സിറിയ പ്രസ്താവിച്ചു. സിറിയയ്ക്കു റഷ്യ പൂർണ സൈനികപിന്തുണ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച റഷ്യൻ യുദ്ധവിമാനങ്ങൾ വിമതരുടെ താവളങ്ങളിൽ ബോംബിട്ട് 200 പേരെ വധിച്ചെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
അതേസമയം, ലബനൻ അതിർത്തിയോടു ചേർന്ന സിറിയയുടെ പ്രദേശങ്ങളിൽ ഇസ്രയേൽ പോർവിമാനങ്ങൾ ബോംബിട്ടു. ഹിസ്ബുല്ല ആയുധക്കടത്തിന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണമെന്ന് ഇസ്രയേൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല