സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ്, സംഗീത കച്ചേരി, ഹോട്ടൽ താമസം, കായിക മത്സരം തുടങ്ങിയവ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്ത് പണം തട്ടുന്നവർക്കെതിരെ പരാതി വ്യാപകമായതോടെ മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യത്യസ്ത പരിപാടിയിൽ പങ്കെടുക്കാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റും ഹോട്ടൽ താമസവും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സമൂഹമാധ്യമങ്ങൾ വഴി എത്തുന്ന വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും പൊലീസ് ഓർമിപ്പിച്ചു.
പരിപാടിയുടെ ടിക്കറ്റുകൾ ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് മാത്രം വാങ്ങണം. സംശയാസ്പദമായ പരസ്യങ്ങളിലോ ലിങ്കിലോ വ്യാജ വെബ്സൈറ്റിലോ പ്രവേശിച്ചാൽ പണവും വിലപ്പെട്ട വിവരങ്ങളും നഷ്ടമാകും. ബാങ്ക് ഇടപാട് വഴി പണം കൈമാറരുതെന്നും വ്യാജ വെബ്സൈറ്റുകൾ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുമെന്നും മുന്നറിയിപ്പ് നൽകി.
യഥാർഥ നിരക്കിനെക്കാൾ പകുതി വിലയ്ക്ക് ഉൽപന്നമോ സേവനമോ വാഗ്ദാനം ചെയ്താൽ പ്രസ്തുത കമ്പനിയുമായി നേരിട്ട് സ്ഥിരീകരിക്കണമെന്നും ഔദ്യോഗിക കേന്ദ്രങ്ങളുമായി മാത്രം ഇടപാട് നടത്തണമെന്നും പൊലീസ് പറഞ്ഞു. വ്യാജ ഇമെയിൽ, എസ്എംഎസ്, ഫോൺ കോൾ എന്നിവ അവഗണിക്കണം. സംശയാസ്പദമായ വിവരങ്ങൾ പൊലീസിനെ അറിയിക്കണമെന്നും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല