സ്വന്തം ലേഖകൻ: കടൽച്ചൂടും കടൽ തിളച്ചുമറിയുന്ന ദിനങ്ങളും വർധിക്കുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരുംവർഷങ്ങളിലും തുടരും. കടൽ തിളച്ചുമറിയുന്ന ദിനങ്ങൾ 12 ഇരട്ടിവരെ വർധിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രിവരെ വർധിച്ചേക്കാമെന്നും പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ പഠനം വ്യക്തമാക്കുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂട് 1950 മുതൽ 2020 വരെയുള്ള കാലത്ത് ഒരു ദശാബ്ദത്തിൽ 0.12 ഡിഗ്രി സെൽഷ്യസ് എന്ന തരത്തിൽ വർധിച്ചതായി പഠനം പറയുന്നു. ഇത് ഇന്ത്യൻ മഹാസമുദ്രത്തിന് അരികിലെ പ്രദേശങ്ങളിൽ വലിയഭീഷണിയാണ് ഉണ്ടാക്കുന്നത്.
2020 മുതൽ 2100 വരെയുള്ള ഓരോ പത്തുവർഷത്തിലും 0.17 മുതൽ 0.38 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ താപവർധനയുണ്ടാകും. ഇത് കടൽച്ചൂട് 28.5 ഡിഗ്രി സെൽഷ്യസ്‌മുതൽ 30.7 ഡിഗ്രി സെൽഷ്യസ്‌വരെ എന്ന തരത്തിലാക്കും. സമുദ്രതാപം 28 ഡിഗ്രി സെൽഷ്യസിന് മുകളിലേക്കെത്തുന്നത് ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിപ്പിക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
നിലവിൽ ശരാശരി 28 ദിവസമാണ് കടലിലെ താപനില പരിധിവിട്ട് ഉയരുന്നത്. ഇത് 220 ദിവസംമുതൽ 250 ദിവസം എന്ന തരത്തിലേക്ക് മാറും. സമുദ്രോപരിതലത്തിലെ ചൂട് അമിതമായി വർധിക്കുന്നതോടെ ഓക്സിജൻ, കാർബൺ, പോഷകങ്ങൾ തുടങ്ങിയവയുടെ അടിത്തട്ടിലേക്കുള്ള കൈമാറ്റം തടയപ്പെടും. അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ വർധന സമുദ്രജലത്തെ അമ്ലവത്കരിക്കുന്നത് വേഗത്തലാക്കും. ഇത് പവിഴപ്പുറ്റ് ഉൾപ്പെടെയുള്ളവയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജിയിലെ ശാസ്ത്രജ്ഞൻ റോക്‌സി മാത്യു കോളിന്റെ നേതൃത്വത്തിൽ ജെ.എസ്. ശരണ്യ, അതിഥി മോദി, അനുശ്രീ അശോക് എന്നിവരാണ് പഠനം നടത്തിയത്. ‘എൽസെവിയർ’ പ്രസിദ്ധീകരണമായ ‘ദി ഇന്ത്യൻ ഓഷ്യൻ ആൻഡ് ഇറ്റ്‌സ് റോൾ ഇൻ ദി ഗ്ലോബൽ ക്ലൈമറ്റ് സിസ്റ്റം’ ഇരുപതാം അധ്യായമായാണ് പഠനം ഉൾപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പിൽ ഒടുവിൽ കേരളവും പെട്ടു. ആദ്യമായാണ് കേരളം ഈ മാപ്പിൽ എത്തുന്നത്. ഈ വർഷം ഇതുവരെ കേരളത്തിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടത് അഞ്ചുദിവസമാണ്. ഒഡിഷയാണ് ഉഷ്ണതരംഗ ദിവസങ്ങളിൽ മുന്നിൽ -18 ദിവസം. രണ്ടാംസ്ഥാനത്ത് പശ്ചിമബംഗാളാണ് -15 ദിവസം. തമിഴ്‌നാട്ടിൽ ഏഴുദിവസം. കർണാടകത്തിൽ എട്ടുദിവസവും. ഈവർഷം കേരളത്തിൽ ഏപ്രിലിൽ 16 ദിവസം 40 ഡിഗ്രിയോ അതിനുമുകളിലോ താപനില രേഖപ്പെടുത്തി.
പാലക്കാടിനുപുറമേ കോഴിക്കോട്ടും ഉഷ്ണതരംഗ സാഹചര്യം. സാങ്കേതികമായി പ്രഖ്യാപിച്ചിട്ടില്ലെന്നേയുള്ളൂ. ചൂടിങ്ങനെ തുടർന്നാൽ വെള്ളിയാഴ്ച ഈ രണ്ടുജില്ലകളിൽ വീണ്ടും ഉഷ്ണതരംഗം സ്ഥിരീകരിക്കും. തൃശ്ശൂരിലും ആലപ്പുഴയിലും വെള്ളിയാഴ്ച ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
പാലക്കാട്ട് വീണ്ടും 40 ഡിഗ്രിക്കുമുകളിൽ ചൂടെത്തി. കോഴിക്കോട് തീരദേശ സ്റ്റേഷനിൽ 39 ഡിഗ്രി ചൂട് രേഖപ്പെടുത്തി. 4.6 ഡിഗ്രി കൂടുതലാണിത്. തീരപ്രദേശത്ത് 37 ഡിഗ്രിയായാൽ ഉഷ്ണതരംഗ സാഹചര്യമാണ്. വെള്ളിയാഴ്ച ഈ സ്ഥിതി തുടർന്നാൽ ഉഷ്ണതരംഗം സ്ഥിരീകരിക്കും.
ഉഷ്ണതരംഗ സാഹചര്യമുള്ളതിനാൽ നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ ജോലിസമയം ക്രമീകരിക്കാൻ സർക്കാർ നിർദേശം. ആസ്‌ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽസമയം അടച്ചിടണം. കലാ-കായിക മത്സരങ്ങൾ, പരിപാടികൾ പകൽ 11 മുതൽ വൈകീട്ട് മൂന്നുവരെ നടത്തരുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല