സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മങ്കി പോക്സ് (എംപോക്‌സ്) സ്ഥിരീകരിച്ചു. എംപോക്സ് രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലിരുന്ന പ്രവാസി യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചു. യുഎഇയില്‍ നിന്നും എത്തിയ 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ് ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ എത്തുന്നവരില്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്.
ഇതിനുപുറമേ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. വസൂരിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളവയാണ് എംപോക്‌സ് രോഗലക്ഷണങ്ങളും. മൃഗങ്ങളില്‍ നിന്നാണ് എംപോക്‌സ് മനുഷ്യനിലേക്ക് പകരുന്നത്. പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നാട്ടിലെത്തുന്ന പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണം.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
സാധാരണഗതിയില്‍ എംപോക്സിന്റെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല