1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2024

സ്വന്തം ലേഖകൻ: യുകെയില്‍ വിലപിടിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ലക്ഷ്യമിട്ടു മോഷ്ടാക്കള്‍ വിലസുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ കൈക്കലാക്കാന്‍ ലക്ഷ്യമിട്ട് ദിവസവും തെരുവിലിറങ്ങുന്ന മോഷ്ടാക്കള്‍ പെരുകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ദിവസേന ബ്രിട്ടനില്‍ ഏകദേശം 200 സ്മാര്‍ട്ട്‌ഫോണുകള്‍ പിടിച്ചുപറിക്കപ്പെടുന്നുവെന്നാണ് കണക്ക്. സെക്കന്‍ഡ് ഹാന്‍ഡ് ഡിവൈസുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് മോഷണം ഉയരാന്‍ പ്രധാന കാരണം. മലയാളികള്‍ അടക്കം ജാഗ്രത പാലിക്കേണ്ടതാണ്.

ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഫോണ്‍ കവര്‍ച്ചയെന്ന് ഹോം ഓഫീസ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒരു കുറ്റവാളി തന്നെ നടത്തുന്ന പിടിച്ചുപറികളില്‍ കാല്‍ശതമാനം വര്‍ധനവുണ്ട്. ഈ ദുരവസ്ഥ തടയാന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ടെക് കമ്പനികളുമായി ചേര്‍ന്ന് കുറ്റകൃത്യം തടയാനുള്ള വഴികളും ഹോം ഓഫീസ് ആലോചിക്കുന്നുണ്ട്.

‘തെരുവിലൂടെ കവര്‍ച്ചാ ഭീഷണി നേരിടാതെ നടക്കാനുള്ള ആളുകളുടെ അവകാശം സംരക്ഷിക്കാന്‍ എല്ലാം ചെയ്യാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്. മോഷ്ടിക്കപ്പെടുന്ന ഫോണുകള്‍ വേഗത്തില്‍, സ്ഥിരമായി ഡിസേബിള്‍ ചെയ്യപ്പെടുമെന്ന് ഫോണ്‍ കമ്പനികള്‍ ഉറപ്പാക്കണം, അല്ലാതെ വീണ്ടും രജിസ്റ്റര്‍ ചെയ്ത് വില്‍പ്പനയ്ക്ക് എത്തരുത്’, പോലീസിംഗ് മന്ത്രി ഡെയിം ഡയാന ജോണ്‍സണ്‍ പറഞ്ഞു.

ഗവണ്‍മെന്റും, ടെക് കമ്പനികളും, നിയമ ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഫോണ്‍ മോഷ്ടാക്കളുടെയും, മോപ്പഡ് സംഘങ്ങളുടെ ബിസിനസ്സ് മോഡല്‍ വ്യാപാരം തകര്‍ക്കാമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. കുട്ടികളെ പോലുള്ളവരില്‍ നിന്നും ഭീഷണിപ്പെടുത്തി ഫോണുകള്‍ പിടിച്ചുവാങ്ങുന്നത് ഇവരില്‍ ദൂരവ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് കമ്മാന്‍ഡര്‍ റിച്ചാര്‍ഡ് സ്മിത്ത് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.