
സ്വന്തം ലേഖകൻ: യുഎഇയില്‍ ചൂട് കൂടിയതോടെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പൊടി പടലങ്ങള്‍ ഉയര്‍ത്തുന്ന അതിവേഗ കാറ്റ് കാരണം വാഹനമോടിക്കുമ്പോഴും പുറത്തിറങ്ങി നടക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. കെട്ടിടങ്ങളില്‍ പൊടിപടലങ്ങള്‍ കയറുന്നത് തടയാന്‍ വാതിലുകളും ജനലുകളും അടയ്ക്കാന്‍ മുനിസിപ്പാലിറ്റികള്‍ താമസക്കാരോട് ആവശ്യപ്പെട്ടു.
വാഹനമോടിക്കുന്നവര്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധിക്കുകയും മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പാലിക്കുകയും ചെയ്യണം.
അബുദാബിയിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവർ പുറത്തുപോകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അൽ റുവൈസ്, അൽ മിർഫ, ഹബ്ഷാൻ, സില, ലിവയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 9.30 നാണ് മുന്നറിയിപ്പ് നൽകിയത്, വൈകുന്നേരം 4 മണി വരെ മൂടൽമഞ്ഞ് നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല