സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ടു ദിവസമായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും റോഡുകള്‍ ഒലിച്ചുപോവുകയും ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ മുന്നറിയിപ്പുമായി സുരക്ഷാ അധികൃതര്‍. മഴ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.
വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ട്രാഫിക് വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. കാരണം ശക്തമായ മഴയില്‍ പലയിടങ്ങളിലും വെള്ളം കയറിയതിനാല്‍ റോഡുകള്‍ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും റോഡുകള്‍ തന്നെ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, ശക്തമായ മഴയില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയും കൂടുതലാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷിതമായി വാഹനമോടിക്കുകയും അപകട മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണമെന്നാണ് ട്രാഫിക് വിഭാഗത്തിന്‍റെ നിര്‍ദ്ദേശം.
അതേസമയം, പ്രതികൂല സാഹചര്യങ്ങളില്‍ വാഹനമോടിച്ച് അപകടത്തിന് ഇടവരുത്തുന്ന രീതിയിലുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. യുഎഇയുടെ ആഭ്യന്തര മന്ത്രാലയം കാലാവസ്ഥയുമായി ബന്ധപ്പെട്ട 10 ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 2,000 ദിര്‍ഹം വരെ പിഴയും 23 ബ്ലാക്ക് പോയിന്‍റുകളും രണ്ട് മാസത്തേക്ക് വാഹനങ്ങള്‍ കണ്ടുകെട്ടലും ഉള്‍പ്പെടെയുള്ള ശക്തമായ പിഴകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അസ്ഥിര കാലാവസ്ഥ തുടരുന്ന ഇന്നും നാളെയും വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് യാത്രക്കാർ ദുബായ് എയർപോർട്ടിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. വിമാന സമയത്തിൽ മാറ്റമുണ്ടോ എന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് ചോദിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. യാത്രാ തടസ്സം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ യാത്രക്കാരെ ഫോണിൽ വിളിച്ച് അറിയിക്കുമെന്ന് ഫ്ലൈ ദുബായ് സൂചിപ്പിച്ചു.
അതാതു എയർലൈനുകളുടെ വെബ്സൈറ്റിൽ പരിശോധിച്ചാലും പുതുക്കിയ സമയം അറിയാനാകും. നിശ്ചയിച്ച സമയത്തുതന്നെ വിമാനം പുറപ്പെടുമെന്നും മാറ്റമുണ്ടെങ്കിൽ യാത്രക്കാരെ അറിയിക്കുമെന്നും എമിറേറ്റ്സ് എയർലൈൻ പറഞ്ഞു. മാർച്ചിലുണ്ടായ ശക്തമായ മഴയെ തുടർന്ന് 13 വിമാനങ്ങൾ തിരിച്ചുവിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല